Kerala
കൊല്ലം: പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപന്റെ അതിക്രമം. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറിയ മദ്യപൻ ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്.
കൂടാതെ, ഗാന്ധി പ്രതിമയുടെ മുഖത്തും ഇയാൾ അടിച്ചു. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പുനലൂർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
National
ലക്നോ: യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.
തേബഹദൂർ റാവത്തിന്റെ ഭാര്യയായ മുനിഷ്ര റാവത്ത് ആണ് മരിച്ചത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു.
ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ നൽകി.
മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.
ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണെന്നും, ഈ സർക്കാർ ജോലിയുടെ മറവിൽ അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പോലീസ് വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ സ്വയം തീകൊളുത്തി. മഹാത്മാഗാന്ധി സർക്കിളിലാണ് സംഭവം നടന്നത്.
തിപ്പസ്വാമി(38) ആണ് തീകൊളുത്തിയത്. പോലീസ് പരിശോധനയ്ക്കായി ഇയാളുടെ വാഹനം തടഞ്ഞു. തുടർന്ന് മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാൻ ബ്രീത്ത് അനലൈസറിലേക്ക് ഊതാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വിസമ്മതിക്കുകയും പോലീസുമായി തർക്കിക്കുകയും ചെയ്തു.
തുടർന്ന് ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് സൂചന.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുന്നതിൽ നിന്നും പോലീസിനെ തടഞ്ഞതിനും തിപ്പസ്വാമിക്കെതിരെ കേസെടുത്തിട്ടുണ്ട്.