ന്യൂഡൽഹി: ഇ20 പെട്രോൾ വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ വരുത്തുന്നുണ്ടെന്നോ മൈലേജ് ഗണ്യമായി കുറയ്ക്കുന്നുണ്ടെന്നോ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് എഥനോൾ മിശ്രിത ഇന്ധനം രാജ്യത്ത് നടപ്പിലാക്കിയതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട ഗവേഷണങ്ങൾക്കും ഓട്ടോമൊബൈൽ നിർമാതാക്കൾ, ഐഒസിഎൽ, അരായ്, സിയാം തുടങ്ങിയ വിദഗ്ധ ഏജൻസികളുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഇ20 പെട്രോൾ ഘട്ടംഘട്ടമായി നടപ്പിലാക്കിയത്.
2023 ഏപ്രിൽ മുതൽ പുറത്തിറങ്ങിയ വാഹനങ്ങളിൽ ഇ20 ഇന്ധനം നേരിട്ട് ഉപയോഗിക്കാം. എന്നാൽ 2005 ഏപ്രിൽ ഒന്നിന് ശേഷം പുറത്തിറങ്ങിയ ചില ബിഎസ്-3 വാഹനങ്ങൾക്കും 2016-ന് മുൻപുള്ള മോഡലുകൾക്കും സർവീസിംഗ് വേളയിൽ ചില റബർ ഭാഗങ്ങളോ ഗാസ്കറ്റുകളോ മാറ്റേണ്ടി വന്നേക്കാം എന്നതൊഴിച്ചാൽ വലിയ മെക്കാനിക്കൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഹനങ്ങളുടെ മൈലേജ് ഡ്രൈവിംഗ് രീതികൾ, എൻജിൻ പരിപാലനം, എയർ ഫിൽട്ടറിന്റെ വൃത്തി, ടയർ പ്രഷർ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും എഥനോൾ മിശ്രിതം മൂലം മാത്രം മൈലേജ് കുറയുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.ഇ20 ഇന്ധനം കാരണം വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി വിശ്വസനീയമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ആശങ്കകൾക്ക് സാങ്കേതികമായി തെളിവുകളില്ലെന്നും കേന്ദ്രം സഭയെ അറിയിച്ചു.