തിരുവനന്തപുരം: പദ്ധതികൾ വൈകുന്നതു മൂലം സർക്കാരിനുണ്ടാകുന്ന സാന്പത്തികനഷ്ടം ഒഴിവാക്കാൻ അഞ്ചിന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പരിഷ്കാരങ്ങളുടെ ഭാഗമായി അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പ്രധാന പരിഷ്കാരങ്ങളാണ് പ്രവൃത്തിപഥത്തിൽ എത്തിക്കുക.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
പ്ലാൻ സ്പേസ് 2 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും ജിഐഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും. സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക രജിസ്ട്രി തയാറാക്കും. ഈ സ്ഥാപനങ്ങളിലെ ശന്പള ആവശ്യങ്ങൾക്കായി മാത്രം നിലവിൽ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ട്.
ജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സർക്കാർ ഓഫീസുകളിലെ ഇടപെടൽ ലളിതമാക്കാൻ പ്രോസസ് റീ-എൻജിനിയറിംഗ് നടപ്പാക്കും. ഇതിന്റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യു, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാ ഘട്ടങ്ങളും പേപ്പർ സമർപ്പണങ്ങളും ഒഴിവാക്കി നടപടിക്രമം പൂർണമായി ആധുനികവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.