രാജപുരം: വൈദ്യുതലൈൻ വലിക്കാൻ ഉപയോഗിച്ചിരുന്ന അലുമിനിയം കമ്പി ആക്രിക്കാരന് കൊടുക്കാൻ പോകവേ പോലീസ് പിടികൂടി. കരാറുകാരനടക്കം നാലുപേർ അറസ്റ്റിൽ. രാജപുരം വൈദ്യുതി സെക്ഷൻ ഓഫീസിൽ വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന ബളാന്തോട് അരിപ്രോഡ് സ്വദേശി വിനോദ് കുമാർ (52), കള്ളാറിലെ ആക്രിക്കച്ചവടക്കാരൻ കെ.പി. ഷെഫീഖ് (42), ആക്രിക്കടയിലെ തൊഴിലാളികളും അസം സ്വദേശികളുമായ സെയ്ഫുദീൻ അഹമ്മദ് (32), ആംലിഖീർ ഹുസൈൻ(18) എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനവും തൊണ്ടിമുതലും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 7.50ഓടെ കള്ളാറിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് മാലക്കല്ല് ഭാഗത്തുനിന്നു വൈദ്യുതിവകുപ്പ് ഉപയോഗിക്കുന്ന തരത്തിലുള്ള അലുമിനിയം കമ്പിയുമായി പിക്കപ്പ് ഓട്ടോറിക്ഷയിൽ എത്തിയ ഷെഫീഖ് അടക്കമുള്ള മൂന്നംഗ സംഘം പോലീസിന്റെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരാറുകാരനായ വിനോദ് കുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. സംഘത്തിൽനിന്ന് 600 കിലോ സ്ക്രാപ്പ് അലൂമിനിയം കമ്പികളാണ് പിടിച്ചെടുത്തു. ഇതിന് ഏകദേശം 75,000 രൂപ വില വരുമെന്നാണ് കരുതുന്നത്.
കരാർജോലിക്കിടെ വിനോദ് കുമാർ കടത്തിക്കൊണ്ടുപോയി വീട്ടിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ അലൂമിനിയം കമ്പികൾ ആക്രി കച്ചവടക്കാരൻ ഷെഫീഖിന് വില്പന നടത്തുകയായിരുന്നു. തുടർന്ന് കള്ളാറിലെ ആക്രിക്കടയിലേക്ക് കൊണ്ടുപോകുന്നതിനിടെയിലാണ് പോലീസിന്റെ പിടിയിലായത്. രാജപുരം എസ്ഐ സി.സി. ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. ദിലീപ്, പോലീസ് ഡ്രൈവർ ജിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.