Kerala
കൊച്ചി: എറണാകുളം കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ചാടിപ്പോയ പ്രതി റസലിനായി അന്വേഷണം ഊര്‍ജിതമാക്കി.
ഞായറാഴ്ചയാണ് കവര്‍ച്ച കേസ് പ്രതികളായ പത്തനംതിട്ട സ്വദേശി റസലിനെയും (20) ആലപ്പുഴ സ്വദേശി സൂരജിനെയും (20) മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ വടക്കന്‍ പറവൂരില്‍ കൊണ്ടുപോയത്. അവിടെ നിന്നാണ് രണ്ടു പ്രതികളും ഓടിക്കളഞ്ഞത്. സൂരജിനെ അന്ന് രാത്രി തന്നെ ചേന്ദമംഗലത്ത് നിന്നും പിടികൂടിയെങ്കിലും റസലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
റസലിന് പരിചയമുള്ള ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. രണ്ടു ദിവസത്തിനകം റസലിനെ പിടികൂടുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് കടവന്ത്ര പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.
റസലിനായി കടവന്ത്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, മറ്റ് പൊതു സ്ഥലങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, നിരവധി മോഷണ കേസുകളില്‍ പ്രതിയായ റസല്‍ മുമ്പും കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിട്ടുണ്ട്.
Kerala
കോഴിക്കോട്: നന്മണ്ടയിൽ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന് അദ്ഭുതകരമായി രക്ഷപ്പെട്ടു. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന് അല്‍ഷിദ്(12) ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന അല്‍ഷിദ് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നതിനിടെ കട്ടിലിനടിയില്‍ പാമ്പിന്റെ വാല് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പരിഭ്രാന്തനായ കുട്ടി ഉടന്‍ തന്നെ ഉമ്മയെ വിളിച്ചു. വീട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മൂന്നോടെ റെസ്ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
Kerala
വൈക്കം: തന്റെ നേർക്ക് ചാടിയ മൂർഖൻ പാമ്പിൽ നിന്ന്കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുജോലിക്കാരി. തുറുവേലിക്കുന്ന് സ്വദേശി ഇളംമ്പാശേരി രാജു തോമസിന്റെ വീടിന്റെ മുൻഭാഗത്തെ വരാന്തയിൽ നിന്നാണ് മൂർഖൻപാമ്പ് വീട്ടുവേലക്കാരിക്ക് നേരെ ചാടിയത്.
നിലവിളിയോടെ പിന്നോട്ട് ചാടിമാറിയതു കൊണ്ടാണ് ഇവർ കടിയേൽക്കാതെ രക്ഷപെട്ടത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയായിരുന്നു സംഭവം. വീട്ടുടമ രാജുതോമസും ഭാര്യയും പുറത്തുപോയ സമയത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു വീട്ടുവേലക്കാരി പങ്കജവല്ലി.
വീട്ടുകാർ മടങ്ങിയെത്താൻ താമസിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് മുൻഭാഗത്തെ ലൈറ്റ് തെളിയിക്കാനായി മുന്നിലെ തിണ്ണയിലേയ്ക്ക് കയറാൻ പോയപ്പോഴാണ് മൂർഖൻ പാമ്പ് നേരെ ചാടി വീണത്.
ഇവിടെ വീടിന് സമീപത്ത് തോടുകൾ ഉണ്ട്. ഇതിനുമുമ്പും പാമ്പുകളെ കണ്ടിട്ടുള്ളതായി വീട്ടുഉടമസ്ഥൻ രാജു തോമസ് പറഞ്ഞു.
Kerala
ഇടുക്കി: ഇടുക്കി ഡാമിന് സമീപം ഉളുപ്പൂണി മുല്ലക്കാനം ഭാഗത്ത് കാട്ടാനകളുടെ മുൻപിൽപ്പെട്ട യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് വനത്തോട് ചേർന്ന ഭാഗത്ത് നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളുടെ മുൻപിലേക്കാണ് യുവാക്കൾ എത്തിയത്.
കാഴ്ചകൾ കാണാനെത്തിയ യുവാക്കൾ, അപരിചിത സാന്നിദ്ധ്യം കണ്ട് പിൻവാങ്ങാൻ ശ്രമിച്ച ആനകളെ പിന്തുടർന്ന് പ്രകോപിപ്പിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ വിലക്ക് അവഗണിച്ചായിരുന്നു യുവാക്കളുടെ നീക്കം. ഇതോടെ പ്രകോപിതരായ ആനക്കൂട്ടം ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. പ്രദേശവാസികളല്ലാത്ത യുവാക്കളാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. മീൻപിടിക്കാനും കാലിത്തീറ്റ ശേഖരിക്കാനുമായി ഡാം സൈറ്റിൽ എത്തുന്ന നാട്ടുകാരെ സാധാരണ ഗതിയിൽ ആനകൾ ഉപദ്രവിക്കാറില്ല. എന്നാൽ പുറമേ നിന്നുള്ളവർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് തങ്ങൾക്കും ഭീഷണിയാകുന്നുവെന്ന പരാതിയിലാണ് പ്രദേശവാസികൾ.
District News
ആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ. കോളനിയിൽ അശോകന്റെ മകൻ അരുൺ കിച്ചു (മൊട്ട അരുൺ)വിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്.
കേസിലെ മറ്റു പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്പി ജി.ബി. മുകേഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ്. വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അരുണിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. അയൽക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തീപിടിച്ചത് അറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയൽക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു.
ഇതിനുപിന്നാലെ തീ വീട്ടിലേക്ക് പൂര്‍ണമായും പടര്‍ന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. ഇവരുടെ മകൻ പുറത്തുപോയ സമയത്താണ് സംഭവം. മുൻപ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു മകൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് പേരായിരുന്നു ഉണ്ടായിരുന്നു. ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹായി മുസ്തഫ വാഹനത്തിൽ വണ്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
Kerala
തിരുവനന്തപുരം: കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വാളിസ് കാറിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അപകട സമയത്ത് വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ആണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത്തോടെ വാഹനം ഒതുക്കി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു.
വിവരമറിഞ്ഞ് കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം. നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു.
നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടിത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
കോഴിക്കോട്: കവർച്ച കേസ് പ്രതി പോലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
സുൽത്താൻ ബത്തേരി പോലീസ് തൃശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വച്ചാണ് ഇയാൾ പോലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
Kerala
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.
ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്.കഴിഞ്ഞ മേയിൽ തമിഴ്നാട് പോലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ പ്രതി രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്.
ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പോലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പോലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.
Kerala
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്.
തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ചപ്പോഴാണ് അസദുള്ള രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് അസദുള്ള.
നാല് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.