Kerala
കൊച്ചി: ഓശാനഞായര്, പെസഹാവ്യാഴം, ഈസ്റ്റര് ദിവസങ്ങളില് ദേശീയതല പരീക്ഷകളും മറ്റു പരിശീലനപരിപാടികളും നടത്താനുള്ള സര്ക്കാര് നടപടിയില് പ്രതിഷേധം രേഖപ്പെടുത്തി സീറോമലബാര് സഭ.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളില് പരീക്ഷകള് ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങള് ന്യൂനപക്ഷങ്ങള്ക്കെതിരേയുള്ള ആസൂത്രിത നീക്കമായിട്ടാണ് മനസിലാക്കേണ്ടത്.
ക്രൈസ്തവവിശ്വാസത്തില് ഏറ്റവും പ്രധാനപ്പെട്ട പ്രാര്ഥനാദിനങ്ങളെ തുടര്ച്ചയായി സര്ക്കാര് അവഗണിക്കുന്നത് ഗൗവരമായ വിവേചനമാണ്.
ലക്ഷക്കണക്കിനു വിദ്യാര്ഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകള്ക്കു നിരക്കാത്തതാണ്.
ആരാധനാലയങ്ങളിലെ ശുശ്രൂഷകളില് പങ്കെടുക്കാനുള്ള ക്രൈസ്തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്തരം നീക്കങ്ങളില്നിന്നു ബന്ധപ്പെട്ടവര് പിന്തിരിയണം.
ക്രൈസ്തവ സമൂഹത്തിന്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റു പരിപാടികളും പുനഃക്രമീകരിക്കാന് ബന്ധപ്പെട്ട സര്ക്കാരുകള് അടിയന്തരമായി ഇടപെടണമെന്നും സീറോമലബാര് സഭ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര് ഞായറാഴ്ചയും അഖിലേന്ത്യ എന്ജിനിയറിംഗ് എന്ട്രന്സ് പരീക്ഷകള് നടത്താനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷങ്ങള്ക്ക് എതിരായ വെല്ലുവിളിയാണെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതി.
ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിതെന്നും സര്ക്കാര് അനുമതിയില്ലാതെ ഇതു നടക്കില്ലെന്നും സമിതി കുറ്റപ്പെടുത്തി.
ഓശാനദിനത്തില് തെരഞ്ഞെടുപ്പു കമ്മീഷന് നടത്താന് തീരുമാനിച്ച പരിശീലന പരിപാടി ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അനില് ജോണ് ഫ്രാന്സിസ്, ജനറല് സെക്രട്ടറി വി.സി. ജോര്ജ്കുട്ടി, വൈദിക ഉപദേഷ്ടവ് ഫാ. തോമസ് തറയില്, ട്രഷറര് ബിജു കുണ്ടുകുളം എന്നിവര് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹ വ്യാഴവും ഈസ്റ്റര് ഞായറും അഖിലേന്ത്യാ എന്ജിനിയറിംഗ് എന്ട്രന്സ് പരീക്ഷകള് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി.
ക്രൈസ്തവര് വിശുദ്ധമായി ആചരിക്കുന്ന തിരുനാള് ദിനങ്ങളില് മത്സരപ്പരീക്ഷകള് നടത്തുന്നത്, ക്രിസ്തീയ യുവജനങ്ങള്ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കാന് ഇന്ത്യന് ഭരണഘടന നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
പലപ്പോഴും ആവര്ത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്ത ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെസിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല്, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല് മാര് ഐറേനിയോസ്, സെക്രട്ടറി ജനറല് ആര്ച്ച്ബിഷപ് മാർ തോമസ് തറയില് എന്നിവര് പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്ക്കാരിനും നാഷണല് ടെസ്റ്റിംഗ് ഏജന്സി അധികാരികള്ക്കും കത്തയയ്ക്കുമെന്നും കെസിബിസി വക്താവ് ഫാ. തോമസ് തറയില് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമം അതിരൂക്ഷമായി ബാധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ. ഇതിൽ തന്നെ എൻജിനിയറിംഗ് കോളജ് ഹോസ്റ്റലുകളിലെ സ്ഥിതി ആശങ്കാജനകമാണ്.
സംസ്ഥാനത്ത് എൻജിനിയറിംഗ് കോളജുകളിൽ ഇന്റേണൽ പരീക്ഷകൾ നടക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ എൻജിനിയറിംഗ് കോളജുകളുടെ ഉൾപ്പെടെ ഹോസ്റ്റലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാവും.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഇന്നലെ വൈകുന്നേരംവരെ ഉപയോഗിക്കാനുള്ള പാചകവാതകമാണ് സ്റ്റോക്കുള്ളത്. ഇന്ന് ഗ്യാസ് ലഭിച്ചില്ലെങ്കിൽ 600 റോളം വരുന്ന ഹോസ്റ്റൽ വിദ്യാർഥികൾ പട്ടിണിയിലാവും.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. നിലവിൽ പൂജപ്പുര കോളജിലെ കാന്റീനിൽ ഉച്ചഭക്ഷണം നിർത്തലാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് തിളപ്പിച്ചാറിച്ച വെള്ളമായിരുന്നു നല്കി വന്നിരുന്നത്. പാചകവാതക ക്ഷാമം മൂലം ഇപ്പോൾ ഫിൽറ്റർ ചെയ്തു കുടിവെള്ളം നല്കുന്ന സ്ഥിതിയിലേക്കു മാറി.
സംസ്ഥാനത്തെ കൂടുതൽ വിദ്യാർഥികൾ ഹോസ്റ്റലിൽ കഴിയുന്ന കോളജുകളിലെ എല്ലാം ഹോസ്റ്റലുകളിലെ സ്ഥിതി ഇതാണ്. കാസർഗോഡ് എൽബിഎസ് കോളജിലും തിരുവനന്തപുരം ബാർട്ടണ് ഹിൽസ് എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിലുമെല്ലാം രൂക്ഷമായ എൽപിജി ക്ഷാമമാണ് നേരിടുന്നത്. റസിഡൻഷൽ സ്കൂളുകളുടെ ഹോസ്റ്റലുകളിലും സമാനമായ സ്ഥിതിയാണ്. സ്കൂളുകളിലും ഇപ്പോൾ പരീക്ഷാ സമയമായതിനാൽ സ്കൂൾ അധികൃതരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
പാചകവാതക പ്രതിസന്ധി ഐടി മേഖലയെയും ബാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഐടി കന്പനികളിലെല്ലാം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷണലുകളാണ് ജോലി ചെയ്യുന്നത്. ഇതിൽതന്നെ പലരും നഗരത്തിലെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ താമസിക്കുന്നവരാണ്. ഹോസ്റ്റലുകളിൽ പലതിലും എൽപിജി ക്ഷാമം രൂക്ഷമായി.
തിരുവനന്തപുരം ടെക്നോപാർക്കിലെ കാന്റീനുകളിൽ ഉൾപ്പെടെ പാചകവാതക പ്രതിസന്ധി ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ടെക്നോപാർക്കിലെ പല കന്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നു ടെക്നോപാർക്കിലെ പ്രധാന ഐടി കന്പനിയുടെ പ്രതിനിധി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം ഒൻപതിന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
മാർച്ച് ഒൻപത് മുതൽ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ 12ാം ക്ലാസിന്റെ പരീക്ഷകളാണ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചത്. ഇതേ തുടർന്ന് 12ന് യോഗം ചേർന്ന് തുടർ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മേഖലയിലെ 10ാം ക്ലാസ് പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.
വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒമ്പത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.
Kerala
പത്തനംതിട്ട: ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന അതേദിവസം ഹൈസ്കൂൾ കുട്ടികളുടെ പരീക്ഷയും. സാധാരണ നിലയിൽ ഇത്തരത്തിൽ ക്രമീകരണം ഒഴിവാക്കുമായിരുന്നെങ്കിലും ഇത്തവണ പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ നടക്കുന്ന രണ്ട് ദിവസങ്ങളിൽ ഒന്പതാം ക്ലാസ് കുട്ടികൾക്ക് വാർഷിക പരീക്ഷ നടക്കുന്നുണ്ട്.
ഹയർ സെക്കൻഡറിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്ക്രൈബ് എഴുതുന്നത് എട്ട്, ഒന്പത് ക്ലാസുകളിലെ കുട്ടികളാണ്. എന്നാൽ രണ്ടും പരീക്ഷകളും ഒരു ദിവസം നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കും. ഹൈസ്കൂളിലും ഹയർ സെക്കൻഡറിക്കും ഒരേദിവസം പരീക്ഷ വരുന്നതോടെ മിക്ക സ്കൂളുകൾക്കും ക്ലാസ്മുറികളുടെ കുറവും അനുഭവപ്പെടും.
മാർച്ച് ആറിന് ഒന്പതാം ക്ലാസിലെ ഒന്നാം ഭാഷയുടെ വാർഷിക പരീക്ഷ നടക്കുന്പോൾ പ്ലസ്ടുവിന്റെ ഫിസിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി പരീക്ഷകളും നടക്കുന്നുണ്ട്. പത്തിനു രാവിലെ ഒന്പതാംക്ലാസിലെ ഒന്നാം ഭാഷ പേപ്പർ രണ്ട് പരീക്ഷയുണ്ട്. ഇതേ സമയം പ്ലസ്ടുവിന്റെ കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷകളുണ്ട്.
ടൈംടേബിൾ തയാറാക്കുന്പോൾ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ അപ്പോൾ തന്നെ പരിഹരിക്കാറുള്ളതാണ്. എന്നാൽ, ഇത്തവണ അതുണ്ടായില്ലെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടി.
അടിയന്തരമായി ഒന്പതാം ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ച് കുട്ടികൾക്കും സ്കൂൾ അധികൃതർക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന സെക്രട്ടറി പി. ചാന്ദ്നി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് മോഡൽ പരീക്ഷകൾ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ ഭാഷാ വിഷയങ്ങളുടെ പരീക്ഷയാണു നടന്നത്.
ആ മാസം 20 ന് ഉച്ചയോടെ മോഡൽ പരീക്ഷകൾ അവസാനിക്കും. പ്ലസ് ടു മോഡൽ പരീക്ഷയിലെ റെയർ സബ്ജക്ടുകളുടെ മോഡൽ പരീക്ഷ ഇന്നലെ നടന്നു.
ഈ മാസം 24 വരെയാണ് പ്ലസ് ടു മോഡൽ പരീക്ഷകൾ നടക്കുക.
National
ന്യൂഡൽഹി: മൂല്യനിർണയം ഡിജിറ്റലാക്കാനൊരുങ്ങി സിബിഎസ്ഇ. 12-ാം ക്ലാസ് വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ ഇനി ഓണ്-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം അവതരിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
ഈമാസം 17ന് ആരംഭിക്കുന്ന ഈ വർഷത്തെ ബോർഡ് പരീക്ഷകൾ മുതലായിരിക്കും പുതിയ സംവിധാനം ആരംഭിക്കുക. പരീക്ഷാ മൂല്യനിർണയത്തിന്റെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ നടപടിയെന്ന് സിബിഎസ്ഇക്കു കീഴിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കു ലഭിച്ച സന്ദേശത്തിൽ പറയുന്നു.
ഉത്തരപേപ്പറുകൾ പരന്പരാഗത രീതിയിൽ പരിശോധിക്കുന്നതിനു പകരം കംപ്യൂട്ടറുകളോ ടാബുകളോ ഉപയോഗിച്ച് ഡിജിറ്റലായി പരിശോധിക്കുന്നതാണ് പുതിയ സംവിധാനം. വിദ്യാർഥികൾ സാധാരണപോലെ പേനയും പേപ്പറും ഉപയോഗിച്ച് പരീക്ഷാഹാളിലാണു പരീക്ഷയെഴുതുന്നതെങ്കിലും ഈ ഉത്തരപേപ്പറുകളുടെ സ്കാൻ ചെയ്ത കോപ്പികൾ ഒരു ഓണ്ലൈൻ പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്തതിനുശേഷമാണ് ഉത്തരങ്ങൾ പരിശോധിക്കുന്നത്.
ആകെ മാർക്കുകൾ കണക്കുകൂട്ടുന്പോഴുണ്ടാകുന്നത് ഉൾപ്പെടെ സാധാരണ ഗതിയിൽ ഉത്തരപേപ്പറുകൾ നോക്കുന്പോഴുണ്ടാകുന്ന തെറ്റുകൾ ഡിജിറ്റൽ മൂല്യനിർണയത്തിലൂടെ കുറയ്ക്കാൻ കഴിയും. ഇതോടൊപ്പം പേപ്പറുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ് ക്കുന്പോഴുണ്ടാകുന്ന ചെലവുകളും കുറയ്ക്കാം.
അധ്യാപനജോലികൾക്കു തടസം വരാതെ അധ്യാപകർക്കു സ്വന്തം സ്കൂളുകളിൽനിന്നുതന്നെ മൂല്യനിർണയം നടത്താമെന്നതിനാൽ കൂടുതൽ അധ്യാപകർക്ക് ഉത്തരക്കടലാസുകൾ പരിശോധിക്കാമെന്നും ഇതിലൂടെ വേഗത്തിൽ മൂല്യനിർണയം പൂർത്തിയാക്കാമെന്നതും ഡിജിറ്റൽ മൂല്യനിർണയത്തിന്റെ നേട്ടങ്ങളാണ്.
പുതിയ സംവിധാനത്തിനായി ആവശ്യമായ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സിബിഎസ്ഇ സ്കൂളുകളോടു നിർദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ മൂല്യനിർണയമെന്ന ആശയം 2014-15 അധ്യയനവർഷത്തിൽ അവതരിപ്പിച്ചതായിരുന്നുവെന്നും എന്നാൽ അക്കാലത്ത് ചെലവ് ഫലപ്രദമല്ലാത്തതിനാലും ഡിജിറ്റൽ സാക്ഷരത കുറവായിരുന്നതിനാലും കാലതാമസം നേരിട്ടുവെന്നും അന്ന് സിബിഎസ്ഐ ബോർഡ് സെക്രട്ടറിയും ഇപ്പോൾ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ കൗണ്സിലിന്റെ (സിഐഎസ് സിഇ) ചീഫ് എക്സിക്യൂട്ടീവുമായ പാലാ സ്വദേശി ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: പരീക്ഷയ്ക്കു പോകാനാകാതെ അന്ന മരിയ. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് വളര്ത്തുനായകളുടെ ആക്രമണത്തില് കാലിന് ഗുരുതര പരിക്കേറ്റ വിദ്യാര്ഥിനി അന്ന മരിയയ്ക്ക് ഇന്നലെ പ്ലസ്ടു പ്രാക്ടിക്കല് പരീക്ഷ ഉണ്ടായിരുന്നെങ്കിലും പോകാനായില്ല.
പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥിനി മണ്വിള സ്വദേശിനി അന്ന മരിയയ്ക്ക് (17) വ്യാഴാഴ്ചയാണ് പരീക്ഷ കഴിഞ്ഞു വരുംവഴി സമീപവാസിയുടെ വളര്ത്തുനായ്ക്കളുടെ ക്രൂരമായ കടിയേറ്റത്. സംഭവത്തില് അന്നയുടെ മാതാപിതാക്കള് ശ്രീകാര്യം പോലീസ് സ്റ്റേഷനില് പരാതി നല്കി. പോലീസ് വിദ്യാര്ഥിനിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ച അന്ന മരിയ വാക്സിനേഷന് നടപടികള്ക്കു ശേഷം രാത്രി വൈകിയാണ് വീട്ടിലേക്കു മടങ്ങിയത്. ആന്റിബയോട്ടിക്കും വാക്സിനേഷനുമല്ലാതെ കൂടുതലൊന്നും ചെയ്യാന് സാധിക്കില്ലെന്ന മറുപടിയാണ് മെഡിക്കല് കോളജ് ഡോക്ടർമാരില് നിന്നും ലഭിച്ചതെന്ന് അന്നയുടെ മാതാപിതാക്കള് പറയുന്നു.
പട്ടികടി മൂലമുള്ള മുറിവായതിനാല് തുന്നിച്ചേര്ക്കാനോ കെട്ടി വയ്ക്കാനോ സാധിക്കില്ല. വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകുക മാത്രമാണ് ചെയ്യാവുന്നത്. ആഴത്തിലുള്ള മുറിവുമൂലമുള്ള വേദനയും നീറ്റലും സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് അന്ന. ജനറല് ഫിസിഷ്യനു പുറമേ മെഡിക്കല് കോളജില് ഓര്ത്തോ സര്ജനെയും കണ്ടിരുന്നു.
പട്ടികടിയേറ്റുള്ള ആഴത്തിലുള്ള മുറിവില്നിന്നും ഇപ്പോഴും ചോരയൊലിക്കുകയാണെന്ന് അന്നയുടെ മാതാവ് ആശ പറഞ്ഞു. കാല്മുട്ടിനു പിന്നിലായുള്ള ആഴത്തിലുള്ള മുറിവു മൂലം നടക്കാന് സാധിക്കാത്ത അവസ്ഥയാണ്. മുത്തശിയുടെ വാക്കര് ഉപയോഗിച്ചാണ് വീടിനുള്ളില് നടക്കുന്നത്.
ആഴത്തിലുള്ള മുറിവേറ്റ ഭാഗത്തു നിന്നും മാംസവും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് പോലീസ് സ്റ്റേഷനില് ഒരു കേസ് കൊടുക്കുന്നത്. പരാതിയില് നായകളുടെ ഉടമയുടെ കൃത്യമായ അഡ്രസ് നല്കിയെങ്കിലും എഫ്ഐആറില് മുഴുവന് വിലാസവും ചേര്ത്തിട്ടില്ലെന്നും മാതാപിതാക്കള് പറയുന്നു. മണ്വിള സ്വദേശികളായ മനോജ് വി. ലാസര്-കെ. ആശ ദമ്പതികളുടെ മകളാണ് അന്ന മരിയ.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില് പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്ന്നില്ല, നല്ല മാര്ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്ഥികളില് ഏറെയും.
ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല് ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്ഷന് അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന് നമ്പറായ 94979 00200 ലേക്ക് വിളിക്കൂ.
നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്. കുട്ടികളിലെ മാനസിക സമ്മര്ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് "ചിരി' ഹെല്പ് ലൈന്.
ഇതുവരെ എത്തിയത് 63,161 ഫോണ് കോളുകള്
ചിരി ഹെല്പ് ലൈന് ആരംഭിച്ച 2020 ജൂലൈ മുതല് 2025 ഡിസംബര് വരെ 63,161 ഫോണ്കോളുകളാണ് ഇവിടേയ്ക്ക് എത്തിയത്. കഴിഞ്ഞ വര്ഷം വിളിച്ചത് 6,923 പേരാണ്. തുടക്കത്തില് കുട്ടികളുടെ ഫോണ്കോളുകളാണ് കൂടുതലായും എത്തിയിരുന്നതെങ്കില് ഇപ്പോള് രക്ഷിതാക്കളാണ് അധികവും വിളിക്കുന്നത്.
ഡിസ്ട്രസ്ഡ് കോളുകള്, മാനസിക സമ്മര്ദവുമായി ബന്ധപ്പെട്ട കോളുകള്, പഠന വൈകല്യം, അമിത ഫോണ് ഉപയോഗം, മൊബൈല് ഫോണ് ഗെയിം, കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കോളുകള് എന്നിവയെല്ലാം ചിരി ഹെല്പ്പ് ലൈനിലേക്ക് എത്തുന്നുണ്ട്.
കൗണ്സലിംഗ് സൗകര്യം
കോവിഡ് 19 മഹാമാരിയുടെ ദുരിതകാലത്ത്, വീട്ടില് തുടരാന് നിര്ബന്ധിതരായ കുട്ടികള്ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു കേരള പോലീസ് പദ്ധതി തുടങ്ങിയത്. കുടുംബ വഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ്, മാതാപിതാക്കളുടെ സമയമില്ലായ്മ എന്നിവയൊക്കെയും കുട്ടികള് ചിരി ഹെല്പ് ലൈനിലെ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കാറുണ്ട്.
കുട്ടികളുടെ അമിതമായ മൊബൈല്ഫോണ് ഉപയോഗം, ഗെയിം കളി, ആത്മഹത്യാഭീഷണി, കുടുംബപ്രശ്നങ്ങള് എന്നിവയ്ക്ക് പരിഹാരം തേടിയാണ് മാതാപിതാക്കള് വിളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില് അടിയന്തര കൗണ്സലിംഗ് വേണ്ടവര്ക്ക് മന:ശാസ്ത്ര വിദഗ്ധരുടെ സേവനവും ചിരി ഹെല്പ് ലൈനില് നിന്ന് ലഭ്യമാക്കുന്നുണ്ട്.
മാനസികപ്രശ്നങ്ങള് നേരിടുന്ന കുട്ടികള്ക്ക് ടെലിഫോണിലൂടെ കൗണ്സലിങ്ങും നല്കും. ആഴ്ചയില് 24 മണിക്കൂറും സേവനം ലഭ്യമാണ്. ഓരോരുത്തരുടെയും പ്രശ്നങ്ങളുടെ അടിസ്ഥാനത്തില് അതാത് ജില്ലയിലുള്ള മന:ശാസ്ത്രജ്ഞനോ കൗണ്സലര്ക്കോ ഇവിടെ നിന്നും വിവരങ്ങള് കൈമാറും.
20 പോലീസ് ജില്ലകളിലും ഇതിനായി സൗകര്യമുണ്ട്. കൗണ്സലര്മാര് കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് കൗണ്സലിംഗ് ഉള്പ്പെടെയുള്ള കാര്യങ്ങള് ചെയ്യും. പേരൂര്ക്കടയിലെ ഓഫീസില് നിന്ന് ഇതിന്റെ ഫോളോഅപ്പുകളും യഥാക്രമം നടക്കും.
ഹെല്പ് ലൈന് നമ്പരിലേക്ക് അധ്യാപകര്ക്കും ബന്ധപ്പെടാം. മുതിര്ന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്, ഔര് റെസ്പോണ്സിബിലിറ്റി ടു ചില്ഡ്രന് പദ്ധതിയില് അംഗങ്ങളായ കുട്ടികള് എന്നിവരില് നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കിയ 300ഓളം കുട്ടികളാണ് പദ്ധതിയിലെ വൊളന്റിയര്മാര്.
മാനസികാരോഗ്യവിദഗ്ദ്ധര്, മനഃശാസ്ത്രജ്ഞര്, അധ്യാപകര് എന്നിവരുള്പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്ക്ക് പദ്ധതിയുടെ ഭാഗമായി മാര്ഗനിര്ദ്ദേശങ്ങള് നല്കുന്നുണ്ട്.