ആംസ്റ്റർഡാം: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വെല്ലുവിളി നേരിടുന്നുവെന്നും മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്നും ഇതിൽ നെതർലൻഡ്സ് സർക്കാരിന് ആശങ്കയുണ്ടെന്നും ഈ വിഷയങ്ങൾ ഇന്ത്യൻ ഭരണകൂടവുമായി പതിവായി ചർച്ച ചെയ്യാറുണ്ടെന്നുമുള്ള പ്രധാനമന്ത്രി റോബ് ജെറ്റന്റെ പരാമർശം വിവാദമായി.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഡച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണു റോബ് ജെറ്റൻ ഇന്ത്യയെ വിമർശിച്ചത്.
അതേസമയം, ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയുംകുറിച്ച് ഡച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ഇന്ത്യ തള്ളി.
ചടുലമായ ജനാധിപത്യമാണ് ഇന്ത്യയിലുള്ളതെന്നും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുമുള്ള അറിവില്ലായ്മമൂലമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് പറഞ്ഞു.
ജനാധിപത്യമൂല്യങ്ങള്‍ ബലികഴിക്കാതെയാണ് ഇന്ത്യ സാമ്പത്തിക-സാമൂഹിക മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചതെന്നും ലോകത്തെ ആറിലൊന്നു ജനങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ആറിലൊന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.