കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ ആശ്വാസം. അദ്ദേഹത്തിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബർ 18 മുതലാണ് ടോമിൻ ജെ തച്ചങ്കരി ജയിലിൽ കഴിയുന്നത്. നാല് വർഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അദ്ദേഹം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2003 ജനുവരി ഒന്ന് മുതൽ 2007 ജൂലൈ ഏഴ് വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നും, 64 ലക്ഷം രൂപയോളം വിലമതിക്കുന്ന വരവിൽ കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് കേസ്.
സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തലും വിജിലൻസ് കോടതി ശരിവച്ചിരുന്നു. 2013-ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് നേരത്തെ അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചത്.
ആലപ്പുഴ മാമ്പുഴക്കരി കരുവേലിത്തറ പരേതനായ കെ.സി. കുരുവിളയുടെ മക്കളായ ബോബി കുരുവിള, അലക്സാണ്ടര് കരുവേലിത്തറ എന്നിവരുടെ ഹര്ജിയിലാണ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്.