Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ആഴ്സണല്‍ പോയിന്റ് പങ്കുവച്ചത്.
സ്റ്റോപ്പേജിൽ കൈയാങ്കളി
മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ (90+3) ആഴ്സണലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വീണുകിടന്ന ലിവര്‍പൂളിന്റെ പ്രതിരോധക്കാരന് കൊണോര്‍ ബ്രാഡ്ലിയുടെ ശരീരത്തില്‍ പന്ത് കൊണ്ടിട്ടതിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലിവര്‍പൂളിന്റെ കോര്‍ണറിനു സമീപത്തുവച്ച് മാര്‍ട്ടിനെല്ലി ചേസ് ചെയ്യാന്‍ തുടങ്ങിയ പന്ത് പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്ത ബ്രാഡ്ലിയുടെ കാലിനു പരിക്കേറ്റു. ലിവര്‍പൂള്‍ താരം വീണുകിടന്ന് പരിക്ക് അഭിനയിച്ച് സമയം കളയുകയാണെന്നധാരണയില് മാര്‍ട്ടിനെല്ലി പന്ത് എടുത്ത് അയാളുടെ ദേഹത്തിട്ടു.
വീണുകിടക്കുകയായിരുന്ന ബ്രാഡ്ലിയെ ലൈനിനു പുറത്തേക്ക് തള്ളിമാറ്റാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചു. ഇതോടെ ലിവര്‍പൂള്‍ കളിക്കാരായ മക് അല്ലിസ്റ്റര്‍, ഡൊമിനിക് സൊബോസ്ലായ് തുടങ്ങിയവര്‍ രംഗത്തെത്തി മാര്‍ട്ടിനെല്ലിയെ തള്ളിത്തെറിപ്പിച്ചു. ബ്രാഡ്ലിയെ മെഡിക്കല്‍ സംഘം സ്ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.
ചുവപ്പ് കാര്‍ഡ് ലഭിക്കാനുള്ള കുറ്റം മാര്‍ട്ടിനെല്ലി ചെയ്തതെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ പിന്നീടു വ്യക്തമാക്കി. സംഭവത്തില്‍ ആഴ്സണല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ബ്രാഡ്ലിക്ക് ക്ഷമാപണ സന്ദേശമയച്ചതായി മാര്‍ട്ടിനെല്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആദ്യ പകുതിയില്‍ ബ്രാഡ്ലിയുടെ കിടിലന്‍ ഷോട്ട് ആഴ്സണലിന്റെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചിരുന്നു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43), ലിവര്‍പൂള്‍ (35) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന് ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സിംഗപ്പുരിന്റെ ജിയാ ഹെംഗ് ജേസണെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ ജയം. ആദ്യ ഗെയിം ലക്ഷ്യ സ്വന്തമാക്കിയപ്പോൾ രണ്ടാം ഗെയിമിൽ ജേസൺ വിജയിച്ചു.
നിർണായകമായ മൂന്നാം ഗെയിം വിജയിച്ചുകൊണ്ടാണ് ലക്ഷ്യ മത്സരം സ്വന്തമാക്കിയത്. സ്കോർ: 21-16, 15-21, 21-14.
Sports
മൊഹാലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ പഞ്ചാബിന് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒന്നാം ഇന്നിംഗ്സില്‍ 436 റണ്‍സ് നേടി. ഹര്‍നൂര്‍ സിംഗിന്റെ (170) സെഞ്ചുറിയാണ് പഞ്ചാബ് ഇന്നിംഗ്സില്‍ ശ്രദ്ധേയം.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ കേരളം രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയിലാണ്.