ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എം.ആര്.അജിത് കുമാറിനെതിരെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ അട്ടിമറി നടന്നായി എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകി.
ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. വ്യാജ രേഖ ചമച്ചത് എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
പ്രതികളെ രക്ഷിക്കാന്‍ കേസ് ഡയറി തന്നെ അട്ടിമറിച്ചു. തെറ്റായ നറേറ്റീവ് സൃഷ്ടിക്കാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
സത്യം പുറത്തു കൊണ്ടുവരാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ആന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങള്‍ ലഭ്യമായി എന്ന റഫര്‍ റിപ്പോര്‍ട്ടിലെ പ്രസ്താവന കള്ളമാണ്.
പോലീസ് ഫോട്ടോഗ്രാഫര്‍ മര്‍ദനം പകര്‍ത്തിയിട്ടില്ല എന്ന് മൊഴി നല്‍കിയിട്ടുണ്ട്. റഫര്‍ റിപ്പോര്‍ട്ടില്‍ പോലീസ് ഫോട്ടോഗ്രാഫര്‍ ദൃശ്യം പകര്‍ത്തി എന്ന കാര്യം വ്യാജമായി രേഖപ്പെടുത്തി. പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിലും അന്വേഷണം വേണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കോടതി ചൊവ്വാഴ്ച പരിശോധിക്കും.