Kerala
ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നു പോയത്.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് ചെങ്ങന്നൂരിന്റെ ഭാഗങ്ങളിൽ ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്ന് ശനിയാഴ്ച രാവിലെ വലിയൊരു ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ഇന്റർ ലോക്കിട്ട വീട്ടുമുറ്റത്തെ കിണർ വീട്ടുകാരുടെ കണ്മുന്നിൽ ഇടിഞ്ഞു താഴുകയായിരുന്നു.
അതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലർട്ടായിരിക്കും.
അതേസമയം, ഇത്തവണ കാലവർഷം നേരത്തെയെത്തും. ഈ മാസം 26ഓടെ കേരളത്തിൽ തെക്ക്, പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷ സീസൺ തുടങ്ങാറുള്ളത്. കഴിഞ്ഞ വർഷം മേയ് 24ന് കാലവർഷം കേരള തീരം തൊട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഈ മാസം 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
Kerala
കോഴിക്കോട്: വടക്കൻ കേരളത്തിൽ ശക്തമായ വേനൽമഴയും വ്യാപകമായ നാശനഷ്ടവും. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പെയ്തത്. ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയിലായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റിൽ കൃഷിയിടങ്ങളിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. കവിലുംപാറ സ്വദേശി പവിത്രൻ എന്ന കർഷകൻ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളിൽ ആയിരത്തോളം എണ്ണം കാറ്റിൽ ഒടിഞ്ഞു വീണു നശിച്ചു.
കണ്ണൂരിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മേൽക്കൂര തകർന്ന് വിവധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.