Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പൊള്ളുന്ന ചൂട് തുടരുന്നു. പകൽ താപനില പിടിവിട്ട് കുതിക്കുന്നതും വായുവിലെ ജലാംശത്തിന്റെ തോത് വർധിച്ചതുമാണ് കടുത്ത ചൂടിന് കാരണമാകുന്നത്.
പല മേഖലകളിലും കൂടിയ പകൽ താപനില 40 ഡിഗ്രി സെൽഷസിനോടടുക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിൽ പകൽതാപനില മാർച്ചിലെ ശരാശരിക്കു മുകളിലെത്തി. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്; 38.6 ഡിഗ്രി സെൽഷസ്.
അടുത്ത 24 മണിക്കൂറിൽ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില 37 ഡിഗ്രി സെൽഷസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പകൽ താപനില ശരാശരിയേക്കാൾ രണ്ട് മുതൽ മൂന്നു ഡിഗ്രി സെൽഷസ് വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊടും ചൂടിൽ വലയുന്ന സംസ്ഥാനത്ത് ആശ്വാസമായി നാളെ മുതൽ വേനൽ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പരക്കെ വേനൽമഴ പെയ്യും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കും നാളെ മുതൽ തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കുമാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് ഉയരുന്നു. മിക്ക ജില്ലകളിലും പകൽസമയത്തെ കൂടിയ താപനില 35 ഡിഗ്രി സെൽഷസിനും മുകളിലെത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
പകൽച്ചൂടിനൊപ്പം യുവി വികിരണത്തിന്റെ തീവ്രതയും തോതുമുയർന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും നിർജലീകരണം ഒഴിവാക്കാൻ വെള്ളം ധാരാളമായി കുടിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങൾ.
യുവി വികിരണത്തോത് പല ജില്ലകളിലും അപകടകരമായ രീതിയിൽ തുടരുകയാണ്. ഇടവിട്ടുള്ള വേനൽമഴ നേരിയ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും പകൽച്ചൂടിനെ നേരിടാൻ ഇതു പര്യാപ്തമല്ലെന്നാണ് നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
മൂന്നാറിലും കോന്നിയിലും പത്തനംതിട്ടയിലുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുവി നിരക്ക് അപകടകരമായ നിലയിൽ ഉയർന്നത്. ചെങ്ങന്നൂരും ചങ്ങനാശേരിയും തൃത്താലയും പൊന്നാനിയും യുവി വികിരണ തോതിൽ ജാഗ്രത പാലിക്കേണ്ട സ്ഥലങ്ങളാണെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പകൽ താപനില പിടിവിട്ടു കുതിക്കുന്പോൾ, ഇക്കഴിഞ്ഞ 21ന് കോട്ടയത്ത് രേഖപ്പെടുത്തിയ 37.5 ഡിഗ്രി സെൽഷസാണ്; ഫെബ്രുവരിയിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകൽ താപനില. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ ശരാശരി 35 ഡിഗ്രിയായിരുന്ന പകൽ താപനിലയാണ് രണ്ടു ഡിഗ്രിയിലേറെ ഉയർന്നത്.
പാലക്കാട്ട് കൂടിയ പകൽ താപനില 36.9 ഡിഗ്രി സെൽഷസിലെത്തി. ഫെബ്രുവരി മാസം തുടങ്ങുന്പോൾ പാലക്കാട്ടെ ശരാശരി പകൽ താപനില 32.4 ഡിഗ്രി സെൽഷസായിരുന്നിടത്തുനിന്നാണ് ഈ ദിവസങ്ങളിൽ നാല് ഡിഗ്രിയിലേറെ വർധനയുണ്ടായത്.പുനലൂരിൽ കൂടിയ പകൽ താപനില 36.6 ഡിഗ്രി സെൽഷസ് വരെയും വെള്ളാനിക്കരയിൽ 36.2 ഡിഗ്രി വരെയും 36.4 ഡിഗ്രി വരെയും കണ്ണൂരിലും കോഴിക്കോട്ടും 35.8 ഡിഗ്രി വരെയും പകൽ താപനില ഉയർന്നു.