Viral
ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇന്ന് ലോകത്തിന് മുഴുവൻ മാതൃകയാവുകയാണ്. ഒത്തൊരുമയുണ്ടെങ്കിൽ ഏത് വലിയ ലക്ഷ്യവും കൈപ്പിടിയിലൊതുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ആർ. കൃഷ്ണപുരത്തെ ഗ്രാമവാസികൾ.
അള്ളഗഡ മണ്ഡലത്തിലെ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 500 വർഷത്തോളം പഴക്കമുള്ള ഒരു പുരാതന ക്ഷേത്രവും അതിനോടൊപ്പമുള്ള കുളവുമാണ് ജനകീയ കൂട്ടായ്മയിലൂടെ പുനർജനിച്ചത്.
കാലങ്ങളായി അധികൃതരുടെ ശ്രദ്ധപതിയാതെ കിടന്ന ഈ പ്രദേശം വെറുമൊരു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. പ്ലാസ്റ്റിക് കവറുകളും മദ്യക്കുപ്പികളും വന്യമായി വളർന്നുനിന്ന കാടുകളും ചേർന്ന് ഈ പുരാതന നിർമ്മിതിയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലായിരുന്നു.
തങ്ങളുടെ പൈതൃകം കൺമുന്നിൽ നശിക്കുന്നത് കണ്ടുനിൽക്കാൻ ആ ഗ്രാമത്തിലെ ജനങ്ങൾ തയ്യാറായില്ല. ഒരു യുവാവ് പകർത്തിയ വീഡിയോയിലൂടെ ഈ ദയനീയാവസ്ഥ പുറംലോകമറിഞ്ഞതോടെ ഗ്രാമമൊന്നാകെ ഉണർന്നു.
കുട്ടികളും മുതിർന്നവരും വയോധികരും ഒരുപോലെ കൈകോർത്തപ്പോൾ അതൊരു വലിയ ജനകീയ മുന്നേറ്റമായി മാറി. ദൂരദേശങ്ങളിൽ നിന്ന് പോലും സന്നദ്ധപ്രവർത്തകർ ഈ ദൗത്യത്തിൽ പങ്കാളികളാവാൻ എത്തിച്ചേർന്നു.
കഠിനമായ അധ്വാനത്തിലൂടെ ടൺ കണക്കിന് മാലിന്യമാണ് അവിടെ നിന്നും നീക്കം ചെയ്തത്. കൈകൾ കൊണ്ട് മാലിന്യങ്ങൾ വാരിക്കളഞ്ഞും മൺവെട്ടിയും തൂമ്പയും ഉപയോഗിച്ച് പടവുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തും അവർ ആ ക്ഷേത്രമുറ്റം വൃത്തിയാക്കിയെടുത്തു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പഴയ മാലിന്യക്കൂമ്പാരത്തിന് പകരം മനോഹരമായ ഒരു തീർഥാടന കേന്ദ്രം അവിടെ തെളിഞ്ഞുവന്നു.
ശുചീകരണത്തിന് ശേഷം സ്ത്രീകൾ പൂക്കളും റംഗോളിയും കൊണ്ട് ആ പ്രദേശം അലങ്കരിക്കുകയും ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. പ്രശസ്ത നടൻ ആർ. മാധവൻ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വാർത്ത പങ്കുവെച്ചതോടെ ഈ ഗ്രാമത്തിന്റെ ഖ്യാതി അതിരുകൾ കടന്നു.
സർക്കാരിന്റെ സഹായത്തിനായി കാത്തുനിൽക്കാതെ സ്വന്തം നാടിന്റെ പൈതൃകം വീണ്ടെടുക്കാൻ ഇറങ്ങിത്തിരിച്ച ഈ ഗ്രാമവാസികൾ, പൗരബോധത്തിന്റെയും ഒരുമയുടെയും ഉത്തമ ഉദാഹരണമായി മാറിക്കഴിഞ്ഞു.
Viral
വിരാട് കോഹ്ലി എന്ന വ്യക്തിയെ ആരാധകർ എന്തിനാണ് ഇത്രയധികം നെഞ്ചിലേറ്റുന്നതെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത്.
തിരക്കിട്ട യാത്രകൾക്കിടയിലും സഹജീവികളോടുള്ള കരുണയും വിനയവുമാണ് ഒരു താരത്തെ യഥാർഥ നായകനാക്കുന്നതെന്ന് കോഹ്ലി തന്റെ പ്രവൃത്തിയിലൂടെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിനായി സെക്യൂരിറ്റി പരിശോധനയ്ക്ക് അടുത്തെത്തിയതായിരുന്നു കോഹ്ലി. എന്നാൽ അപ്രതീക്ഷിതമായാണ് കവാടത്തിന് പുറത്ത് വീൽച്ചേറിലിരുന്ന് തന്നെ കാത്തിരിക്കുന്ന ഭിന്നശേഷിക്കാരനായ ആരാധകനെ അദ്ദേഹം ശ്രദ്ധിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നീങ്ങുകയായിരുന്ന താരം, ആ കാഴ്ച കണ്ടതും ഒട്ടും മടിക്കാതെ നിന്നു. തന്റെ കയ്യിലുള്ള ക്രിക്കറ്റ് ബാറ്റിൽ പ്രിയതാരത്തിന്റെ കയ്യൊപ്പ് വാങ്ങാനായി ഇന്ത്യൻ പതാകയുമേന്തി ഏറെ നേരമായി അവിടെ കാത്തിരിക്കുകയായിരുന്നു ആ ആരാധകൻ.
താരത്തിന്റെ അരികിലേക്ക് എത്താൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് കോഹ്ലി നടന്നെത്തി. സെക്യൂരിറ്റി ഗേറ്റിന് തൊട്ടടുത്തെത്തിയിട്ടും തിരികെ വന്ന് ആരാധകനെ ചേർത്തുപിടിക്കുകയും ബാറ്റിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്ത കോഹ്ലിയുടെ പ്രവർത്തി അവിടെയുണ്ടായിരുന്നവരുടെ കണ്ണുനിറയിച്ചു.
ഓട്ടോഗ്രാഫ് നൽകുക മാത്രമല്ല, അദ്ദേഹത്തിന് ഹൃദ്യമായ രീതിയിൽ ഹസ്തദാനം നൽകി സുഖവിവരങ്ങൾ അന്വേഷിച്ച ശേഷമാണ് കോഹ്ലി തന്റെ യാത്ര തുടർന്നത്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'ജനങ്ങളുടെ നായകൻ' എന്നും 'മനുഷ്യത്വമുള്ള താരം' എന്നുമൊക്കെയാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കളിക്കളത്തിലെ റെക്കോർഡുകളേക്കാൾ വലുത് ഇത്തരം ഹൃദയബന്ധങ്ങളാണെന്ന് കോഹ്ലി ഓരോ തവണയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
Viral
സ്വന്തം സുരക്ഷയേക്കാൾ സഹജീവിയുടെ ജീവന് വിലകൽപ്പിച്ച കാസർഗോട്ടെ ഒരു കാർ ഡ്രൈവറുടെ ധീരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലും പതറാതെ പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ മനസാന്നിധ്യം വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കാസർഗോട് ജില്ലയിലെ ഒരു വളവിൽ വെച്ച് നടന്ന ഈ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കാറിലെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്.
സ്വകാര്യ ബസിനെ അശ്രദ്ധമായി മറികടക്കാൻ ശ്രമിച്ച മധ്യവയസ്കനായ സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലേക്ക് വീഴുകയായിരുന്നു.
ഈ സമയം തൊട്ടുമുന്നിൽ എത്തിയ കാർ ഡ്രൈവർക്ക് ബ്രേക്ക് ചവിട്ടി നിർത്താൻ മതിയായ സമയം ഉണ്ടായിരുന്നില്ല. ബ്രേക്ക് ഇട്ടാൽ കാർ സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്തേക്ക് കയറുമെന്ന് ഉറപ്പായതോടെ, മറ്റൊരു വശത്തേക്ക് കാർ വെട്ടിത്തിരിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഈ നീക്കത്തിൽ കാർ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലിൽ ഇടിച്ചു തകരുകയായിരുന്നു. തന്റെ വാഹനം തകർന്നാലും വേണ്ടില്ല ഒരു മനുഷ്യജീവനെ രക്ഷിക്കണമെന്ന ആ ഡ്രൈവറുടെ നിസ്വാർഥമായ നിലപാടിനെ “യഥാർഥ ഹീറോ' എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശേഷിപ്പിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരന്റെ അശ്രദ്ധയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. വളവുകളിൽ വെച്ചുള്ള അപകടകരമായ ഓവർടേക്കിംഗ് മറ്റുള്ളവരുടെ കൂടി ജീവൻ അപകടത്തിലാക്കുന്നതാണെന്നും ഇത്തരം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നു.
കാർ ഡ്രൈവർ സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ മരണവാർത്തയാകുമായിരുന്ന ഈ സംഭവം, ഒടുവിൽ എല്ലാവരും സുരക്ഷിതരായി മടങ്ങിയെന്ന ആശ്വാസത്തിലാണ് അവസാനിച്ചത്.
നിഖിൽ സൈനി എന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവ് പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സ്വന്തം പിഴവ് മൂലം മറ്റൊരാൾക്ക് നഷ്ടം വരുത്തിയ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ അറ്റകുറ്റപ്പണികൾക്കുള്ള തുക നൽകണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
Viral
നന്മ വറ്റാത്ത മനുഷ്യത്വത്തിന്റെ ഹൃദയസ്പർശിയായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ പ്രയാസപ്പെടുന്ന ഒരു ഭിന്നശേഷിക്കാരനെ സഹായിക്കാൻ മുന്നോട്ടുവന്ന ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥനായ അശ്വനി കുമാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
പ്ലാറ്റ്ഫോമിലെ പടികൾ ഇറങ്ങാൻ കൃത്രിമക്കാൽ ഘടിപ്പിച്ച യാത്രക്കാരൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ, യാതൊരു മടിയും കൂടാതെ അദ്ദേഹത്തെ തോളിലേറ്റി ട്രെയിനിനടുത്ത് എത്തിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ.
സഹായിക്കാൻ പണമല്ല മറിച്ച് കരുണയുള്ള മനസാണ് വേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ അശ്വനി കുമാർ തന്നെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം ലോകശ്രദ്ധ നേടി. സേവനമെന്നത് വെറും ഉത്തരവുകൾ പാലിക്കലല്ലെന്നും അത് സഹജീവികളോടുള്ള കരുണയാണെന്നും അദ്ദേഹം ഈ പ്രവർത്തിയിലൂടെ തെളിയിച്ചു.
യൂണിഫോമിനുള്ളിലെ യഥാർഥ മനുഷ്യത്വമെന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ, അശ്വനിയുടെ ഈ കരുതൽ സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് ഒരേസ്വരത്തിൽ പറയുന്നു. ഒരാളുടെ നിസഹായതയിൽ താങ്ങായി മാറിയ ഈ ഉദ്യോഗസ്ഥനെ "യഥാർഥ ഹീറോ' എന്നാണ് ലോകം ഇപ്പോൾ വിളിക്കുന്നത്.
Viral
ചൈനയിലെ പ്രശസ്തമായ ക്വിയാൻലിംഗ് മൗണ്ടൻ പാർക്കിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു വിദേശ ദമ്പതികളുടെ അപ്രതീക്ഷിത തീരുമാനം ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിനോദയാത്രയ്ക്കിടയിൽ തങ്ങളുടെ അഞ്ച് മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഒരു അപരിചിതയായ സെക്യൂരിറ്റി ഗാർഡിനെ ഏൽപ്പിച്ച് കേബിൾ കാർ യാത്രയ്ക്ക് പോയ പാകിസ്ഥാനി ദമ്പതികളുടെ നടപടിയാണ് വിവാദമായത്.
ഭാഷാപരമായ തടസങ്ങൾ ഉള്ളതിനാൽ സെക്യൂരിറ്റി ഗാർഡുമായി കാര്യമായി സംസാരിക്കാനോ തങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കൈമാറാനോ നിൽക്കാതെയാണ് ഇവർ കുഞ്ഞുങ്ങളെ ഏൽപ്പിച്ചത്.
നിമിഷങ്ങൾക്കുള്ളിൽ ഈ ദമ്പതികൾ കാഴ്ചകൾ കാണാൻ മറഞ്ഞതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാരിയായ ചെൻ ഡെയിംഗിനും മറ്റ് സന്ദർശകർക്കും മുമ്പിൽ രണ്ട് കുരുന്നുകളുടെ സംരക്ഷണം ഒരു വലിയ വെല്ലുവിളിയായി മാറി.
ട്രോളികളിൽ പുതപ്പിച്ചു കിടത്തിയിരുന്ന കുഞ്ഞുങ്ങൾ വിശപ്പും അസ്വസ്ഥതയും കാരണം കരയാൻ തുടങ്ങിയതോടെ പാർക്കിലുണ്ടായിരുന്ന നാട്ടുകാർ ഒത്തുകൂടി.
ഒരു സുരക്ഷാ ജീവനക്കാരി എന്നതിലുപരി ഒരു മുത്തശ്ശിയായ ചെൻ ഡെയിംഗ് വളരെ വാത്സല്യത്തോടെ ആ ദൗത്യം ഏറ്റെടുത്തു. കുട്ടികൾക്ക് കുപ്പിപ്പാൽ നൽകിയും അവർ ഛർദ്ദിച്ചപ്പോൾ അതെല്ലാം തുടച്ചുമാറ്റിയും ചെൻ കാണിച്ച കരുതൽ അവിടെയുണ്ടായിരുന്നവരുടെ കണ്ണുനിറച്ചു.
അതിനിടെ ഒരു കുഞ്ഞ് ഡയപ്പർ നനച്ചപ്പോൾ സഹായത്തിനായി മറ്റ് സ്ത്രീകളും മുന്നോട്ടുവന്നു. കൊടും തണുപ്പിലും മനുഷ്യത്വത്തിന്റെ ഊഷ്മളമായ കാഴ്ചകളാണ് പിന്നീട് അവിടെ അരങ്ങേറിയത്.
അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെ ഏൽപ്പിച്ച് കാഴ്ചകൾ കാണാൻ പോയ മാതാപിതാക്കളുടെ മനസിനെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
ഏകദേശം ഒരു മണിക്കൂറിന് ശേഷം ഐസ്ക്രീമും കഴിച്ചു തിരികെ വന്ന ദമ്പതികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് കണ്ടപ്പോൾ വലിയ ആശ്വാസമായി. ചൈനീസ് ഭാഷയിൽ എല്ലാവർക്കും നന്ദി പറഞ്ഞാണ് അവർ അവിടെനിന്നും മടങ്ങിയത്.
എന്നാൽ ഈ സംഭവത്തിന്റെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾ ഉയർന്നു. ചൈനീസ് ജനതയുടെ സ്നേഹത്തെയും കരുതലിനെയും ഒരു വിഭാഗം ആളുകൾ പ്രശംസിച്ചപ്പോൾ, മാതാപിതാക്കളുടെ ലാഘവബുദ്ധിയെ മറ്റുള്ളവർ രൂക്ഷമായി വിമർശിച്ചു.
സുരക്ഷിതമായ ഒരു രാജ്യമായതിനാലാണ് കുഞ്ഞുങ്ങളെ തിരികെ ലഭിച്ചതെന്നും മറ്റേതെങ്കിലും സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വലിയ അപകടങ്ങൾക്ക് കാരണമാകുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.
അപരിചിതരെ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്നതിലെ ധാർമ്മികതയും സുരക്ഷയുമാണ് ഇപ്പോൾ വലിയൊരു സംവാദവിഷയമായി മാറിയിരിക്കുന്നത്.
Viral
പ്ലാസ്റ്റിക് മലിനീകരണം വന്യജീവികളുടെ നിലനിൽപ്പിന് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്റെ ഞെട്ടിക്കുന്നതും എന്നാൽ ആശ്വാസകരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.
മഞ്ഞുമൂടിയ മലനിരകളിലൂടെ സാഹസിക യാത്രയിലായിരുന്ന രണ്ട് പർവതാരോഹകരുടെ കണ്ണിൽപ്പെട്ടത് തല പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടുന്ന ഒരു കുറുക്കൻ കുഞ്ഞിനെയാണ്.
ആഹാരം തേടിയുള്ള അലച്ചിലിനിടയിൽ ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അവശിഷ്ടത്തിനുള്ളിൽ തല അകപ്പെട്ടുപോയ ആ കുറുക്കൻ കുഞ്ഞ്, രക്ഷപെടാൻ കഴിയാതെ തളർന്ന് മഞ്ഞിൽ വീണുകിടക്കുകയായിരുന്നു.
കുറുക്കന്റെ ശരീരത്തിലാകെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ചുറ്റിക്കിടന്നത് ആ ജീവൻ എത്രത്തോളം അപകടത്തിലായിരുന്നു എന്നതിന്റെ തെളിവായിരുന്നു. മനുഷ്യ സാമീപ്യം കണ്ട് ഭയന്നോടാൻ പോലും കരുത്തില്ലാതെ വിറച്ചുനിന്ന ആ ജീവിയെ രക്ഷിക്കാൻ പർവതാരോഹകർ ഒട്ടും വൈകിയില്ല.
അങ്ങേയറ്റം ക്ഷമയോടും കരുതലോടെയും കുറുക്കനെ സമീപിച്ച രക്ഷകരിൽ ഒരാൾ അതിന്റെ തലയിലെ പ്ലാസ്റ്റിക് പാത്രം അതിവേഗം നീക്കം ചെയ്തു.
പാത്രം നീക്കം ചെയ്ത നിമിഷം തന്നെ മരണപ്പിടുത്തത്തിൽ നിന്ന് മോചിതനായ ആ കുറുക്കൻ കുഞ്ഞ് ഊർജ്ജസ്വലനായി മഞ്ഞിലേക്ക് ഓടിമറയുന്ന ദൃശ്യം കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പർവതാരോഹകരുടെ മനുഷ്യത്വപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എങ്കിലും, ഈ സംഭവം വലിയൊരു ചർച്ചയ്ക്കും വഴിതുറന്നിട്ടുണ്ട്.
മനുഷ്യർ വിനോദസഞ്ചാരത്തിന് എത്തുന്ന പരിസ്ഥിതിലോലമായ പ്രദേശങ്ങളിൽ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വന്യജീവികളുടെ ജീവന് എങ്ങനെ വില്ലനാകുന്നു എന്നത് ഈ ദൃശ്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഉത്തരവാദിത്തമില്ലാത്ത ടൂറിസവും മാലിന്യ നിക്ഷേപവും ഇത്തരത്തിൽ മിണ്ടാപ്രാണികളുടെ ദാരുണ അന്ത്യത്തിന് കാരണമാകുന്നുവെന്ന ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്.
പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കേണ്ടതിന്റെയും അനിവാര്യത ഈ കുറുക്കൻ കുഞ്ഞിന്റെ അതിജീവനം നമ്മെ പഠിപ്പിക്കുന്നു.
Viral
മനുഷ്യത്വവും ഉത്തരവാദിത്തബോധവും കൈവിടാത്ത സാധാരണക്കാരായ മനുഷ്യരാണ് ഒരു നഗരത്തെ സുരക്ഷിതമാക്കുന്നത് എന്നതിന് തെളിവായി കൊൽക്കത്തയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
അമിതമായി മദ്യപിച്ച് അവശയായ യുവതിയെ സ്വന്തം മകളെപ്പോലെ കരുതി സുരക്ഷിതമായി വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറാണ് ഇന്ന് ഇന്റർനെറ്റിലെ താരം.
നഗരങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ, മാതൃകാപരമായ പെരുമാറ്റത്തിലൂടെ ഈ ഡ്രൈവർ കൈയടി നേടുകയാണ്.
വാഹനത്തിലെ ഡാഷ്ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, തനിക്ക് ലഹരി കൂടുതലാണെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും യുവതി പരിഭ്രമത്തോടെ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ യാതൊരു പരിഭ്രമവുമില്ലാതെ, വളരെ ശാന്തനായി "ബേട്ടാ' (മോളേ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. താൻ കൂടെയുള്ളപ്പോൾ പേടിക്കേണ്ടതില്ലെന്നും മിണ്ടാതിരുന്നാൽ കൃത്യമായി വീട്ടിലെത്തിക്കാമെന്നും അദ്ദേഹം ആവർത്തിച്ച് ഉറപ്പുനൽകുന്നു.
യാത്രയ്ക്കിടയിൽ യുവതിയുടെ അമ്മ ഫോണിൽ വിളിച്ചപ്പോൾ ഡ്രൈവർ തന്നെ ഫോൺ വാങ്ങി സംസാരിക്കുകയും വീട്ടുകാരുടെ ആധി അകറ്റാൻ തന്റെ ലൈവ് ലൊക്കേഷൻ അവർക്ക് അയച്ചുനൽകുകയും ചെയ്തു.
വൈകി എത്തുന്നതിന് അമ്മ വഴക്കുപറയുമെന്ന് യുവതി പറഞ്ഞപ്പോൾ, ഒരു പിതാവിനുള്ള അധികാരത്തോടെ അദ്ദേഹം നൽകിയ തമാശരൂപേണയുള്ള മറുപടികളും യാത്രയിലുടനീളം അദ്ദേഹം പുലർത്തിയ കരുതലും കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതാണ്.
വീടിന് മുന്നിലെത്തിയപ്പോൾ നന്ദി പറഞ്ഞ യുവതിയോട്, ഇതൊരു ഔദാര്യമല്ലെന്നും താൻ പണം വാങ്ങി ചെയ്യുന്ന ജോലിയുടെ ഭാഗമായുള്ള ഉത്തരവാദിത്തം മാത്രമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
യുവതി വീടിന്റെ ഗേറ്റിനുള്ളിൽ സുരക്ഷിതമായി കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ വീഡിയോ വൈറലായതോടെ കൊൽക്കത്ത വീണ്ടും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറുന്നത് ഇത്തരം മനുഷ്യർ ഉള്ളതുകൊണ്ടാണെന്ന് പലരും അഭിപ്രായപ്പെട്ടു.
Leader Page
അന്തസോടും സ്വാതന്ത്ര്യത്തോടും കൂടെ ജീവിക്കാനുള്ള അഭിവാഞ്ഛയുമായാണ് ഓരോ മനുഷ്യനും ഭൂമിയിൽ പിറക്കുന്നത്. ജന്മസിദ്ധമായി മനുഷ്യൻ കൈയാളുന്ന അവകാശങ്ങൾ ആർക്കും നിഷേധിക്കാനോ എടുത്തുമാറ്റാനോ സാധിക്കാത്തവിധം മനുഷ്യത്വത്തിൽ അവ അന്തർലീനമായിരിക്കുകയാണ്. ഇച്ഛാനുസരണം സ്വജീവിതം കരുപ്പിടിപ്പിക്കാനും സർവസ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും നിർഭയം ജീവിക്കാനും പിറവി മുതൽക്കേ മനുഷ്യനു നല്കപ്പെട്ട സുരക്ഷാകവചമാണ് മനുഷ്യാവകാശം. പൊതുമാനവികതയുടെ സ്വഭാവമായതിനാൽ ലോകമെങ്ങുമുള്ള മനുഷ്യർ ഒരേ മനുഷ്യാവകാശത്തിലാണ് പങ്കുപറ്റുക.
ശാസ്ത്ര-സാങ്കേതിക-ഭൗതിക മേഖലകൾ അവിശ്വസനീയവും അഭൂതപൂർവവുമായ വികാസ കുതിച്ചുചാട്ടം നടത്തുമ്പോഴും രാജ്യങ്ങൾക്കിടയിൽ വൈരവും രക്തച്ചൊരിച്ചിലുകളും ഭീകരാക്രമണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യങ്ങൾക്കുള്ളിലും പുറത്തും നടക്കുന്ന മനുഷ്യത്വരഹിത ദുഷ്ചെയ്തികൾക്കെതിരേ ഇടപെടാനോ സ്വരമുയർത്താനോ ഒരു രാജ്യത്തിനോ അന്താരാഷ്ട്ര സംഘടനകൾക്കോ അധികാരമില്ല.
സ്വേച്ഛാധിപത്യവും ഏകാധിപത്യവും മനുഷ്യാവകാശങ്ങൾക്ക് ഒരു പരിഗണനയും നല്കുന്നില്ല. ലോകത്തെ പിളർത്തിയ രണ്ടാം ലോകയുദ്ധകാലത്ത് നടന്ന പൈശാചികമായ അരുംകൊലകളും അതിക്രമങ്ങളും മനുഷ്യത്വത്തെ ചവിട്ടിമെതിച്ച ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. അതോടെ മനഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചിന്തകൾക്ക് പുനർജീവനുണ്ടായി. 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പാരീസിലെ സമ്മേളനത്തിൽ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി. ഈ സുപ്രധാന ദിനത്തിന്റെ ഓർമ നിലനിർത്താനായി എല്ലാ വർഷവും ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
ദിനാചരണ ലക്ഷ്യം
ജാതി, മതം, നിറം, സ്ത്രീപുരുഷഭേദം, ഭാഷ, വംശം, കുലം, സ്വത്ത്, രാഷ്ട്രീയം, പദവികൾ എന്നിവകൾക്കതീതമായി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുക; സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യാനും ജനങ്ങളെ ഉണർത്താനും രാഷ്ട്രാധികാരികളെയും സമൂഹത്തെയും അനുസ്മരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ദിനാചരണംകൊണ്ടുദ്ദേശിക്കുന്നത്. ‘മനുഷ്യാവകാശങ്ങൾ നമ്മുടെ ദൈനിക ആവശ്യങ്ങൾ’ എന്നതാണ് ഈ വർഷത്തെ പ്രഖ്യാപിത പ്രമേയം. എല്ലാ ദിവസവും നാം ആശ്രയിക്കുന്ന ആവശ്യങ്ങളാണ് മനുഷ്യാവകാശങ്ങൾ എന്നാണ് പ്രമേയം നല്കുന്ന സന്ദേശം.
ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം, വായു, വാക്കുകൾ, ജോലികൾ, ചെറിയ സംഭവങ്ങൾ, പരസ്പരബന്ധങ്ങൾ തുടങ്ങിയ അനുദിന കാര്യങ്ങളുമായി മനുഷ്യാവകാശങ്ങൾ ഇഴുകിച്ചേർന്നു നില്ക്കുന്നു എന്ന യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ദിന പ്രമേയത്തിന്റെ കാതൽ. മറ്റുള്ളവരോടു തികഞ്ഞ ആദരം സൂക്ഷിച്ച് പെരുമാറുക; അനീതിക്കും അഴിമതിക്കും എതിരേ ശക്തമായി പ്രതികരിക്കുക; സമൂഹത്തിലെ തിരസ്കൃതർക്കും നിസ്വർക്കും വേണ്ടി സ്വരമുയർത്തുക തുടങ്ങി മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കുന്ന ദൈനംദിന ജീവിത തീരുമാനങ്ങളിലും തെരഞ്ഞെടുപ്പുകളിലുമെല്ലാം മനുഷ്യാവകാശം അനുദിന ജീവിതത്തിന്റെ അവശ്യഭാഗമായിത്തീരുന്നു.
മനുഷ്യാവകാശ നിർവചനം
പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കിയും സ്വകാര്യതാ സംരക്ഷണം, സ്വത്ത് സമ്പാദനം, മതാചരണം, അഭിപ്രായപ്രകടനം, വിദ്യാഭ്യാസ നിർവഹണം എന്നിവ അന്തസോടെയും തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും അനുഭവിച്ചു ജീവിക്കാൻ ഓരോ മനുഷ്യനിലും അന്തർലീനമായിരിക്കുന്ന സ്വാതന്ത്ര്യത്തെ മനുഷ്യാവകാശമെന്നു വിളിക്കാം. വാർധക്യം, വൈധവ്യം, ശാരീരിക മാനസിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശതകൾ എന്നീ അവസ്ഥകളിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുള്ള സംരക്ഷണം, കുറ്റവാളി എന്നു തെളിയിക്കപ്പെടുന്നതുവരെയും നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ് - ഇവയെല്ലാം അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് മനുഷ്യാവകാശമായി നിർവചിക്കപ്പെടുന്നു.
2010ൽ ഐക്യരാഷ്ട്ര പൊതുസഭ “സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശം ജീവിതത്തിന്റെ പൂർണ ആസ്വാദനത്തിനും എല്ലാ മനുഷ്യാവകാശങ്ങൾക്കും അത്യാവശ്യമാണ്”എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി.
സമത്വം, സ്വാതന്ത്ര്യം, മതം, വിദ്യാഭ്യാസം, തൊഴിൽ, അഭിപ്രായം, ചൂഷണമുക്തി - ഇങ്ങനെ ഏഴ് ആവശ്യങ്ങളെ അടിസ്ഥാന മനുഷ്യാവകാശങ്ങളായി അന്താരാഷ്ട്ര സമൂഹം സ്വീകരിച്ചിരിക്കുന്നു. ഇവയിൽനിന്നുത്ഭവിക്കുന്ന അവകാശങ്ങളുടെ പിരിവുകളുമുണ്ട്.
ജന്മസിദ്ധമായ മനുഷ്യാന്തസും സമാവകാശങ്ങളും ലോകമെമ്പാടും നീതിയും സമാധാനവും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ അടിസ്ഥാന ഘടകങ്ങളാണെന്നും മനുഷ്യാവകാശങ്ങളെ മാനിക്കാത്തതിനാൽ നടക്കുന്ന ക്രൂരതകളിൽനിന്നു വിമുക്തമായ ഒരു നവലോകം ഉരുവാക്കാനും രാഷ്ട്രങ്ങൾ തമ്മിൽ സൗഹൃദം പുലർത്താനും മനുഷ്യാവകാശങ്ങൾ കൂടിയേ തീരൂ എന്നുമുള്ള ഐക്യരാഷ്ട്രസഭാംഗ രാജ്യങ്ങളുടെ സാർവത്രിക പ്രഖ്യാപനം രാഷ്ട്രങ്ങൾക്കുള്ള പ്രമാണരേഖയാണ്. പിന്നീടിത് അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി തീർന്നു. ഓരോ രാജ്യത്തിന്റെയും മനുഷ്യാവകാശ രേഖയായി ക്രമേണ അംഗീകരിക്കപ്പെടുകയും ചെയ്തു.
മനുഷ്യാവകാശ ധ്വംസനങ്ങൾ
വ്യക്തികൾക്കോ സംഘടനകൾക്കോ അർഹമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും അവകാശസംരക്ഷണ ഉത്തരവാദിത്വങ്ങളിൽ ഭരണകൂടത്തിന് വീഴ്ച ഉണ്ടാകുന്നതും മനുഷ്യാവകാശ ലംഘനമായി കണക്കാക്കപ്പെടുന്നു. ഇരകൾ ദുർബലരോ നിസഹായരോ ആകുമ്പോൾ ഗൗരവം വർധിക്കുന്നു. ഇക്കാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങൾ പെരുകിവരുന്നത് ആരും ഗൗരവമായി കാണുന്നില്ല. കുടിവെള്ളവിതരണവീഴ്ച, ശുചിത്വപാലനത്തിലെ അശ്രദ്ധ, പട്ടിണി തടയുന്നതിലെ പരാജയം തുടങ്ങിയവ മനുഷ്യാവകാശലംഘനങ്ങളാണോ എന്നുപോലും അധികാരികൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല.
ഗാർഹിക പീഡനങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള മനുഷ്യാവകാശലംഘനങ്ങളാണ്. ജാതി, വംശ അടിസ്ഥാനത്തിലുള്ള അവഗണന, പുറംതള്ളൽ, ആക്ഷേപങ്ങൾ തുടങ്ങിയവ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയിൽപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ, രക്തച്ചൊരിച്ചിലുകൾ, ഭീകരാക്രമണങ്ങൾ, വംശീയ കലാപങ്ങൾ തുടങ്ങിയവ മൂലം എത്രയെത്ര ലക്ഷം നിരപരാധികളുടെ മനുഷ്യാവകാശങ്ങൾ ഞെരുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മനുഷ്യാവകാശങ്ങളുടെ വ്യാപ്തി എത്രത്തോളമെന്നു തിരിച്ചറിയേണ്ടതുണ്ട്. ജന്മാവകാശമായ മനുഷ്യാവകാശം നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും രക്ഷാകവചവും കാവലാളുകളുമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണിന്ന്.
Leader Page
കേരളത്തിന്റെ ആരോഗ്യമേഖല അഭൂതപൂർവമായ വളർച്ചയുടെ പാതയിലാണ്. സാങ്കേതികവിദ്യയുടെ കുതിപ്പും മനുഷ്യത്വത്തിന്റെ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ചേർന്ന് ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ പുരോഗതി അളക്കുന്നത് അതിന്റെ ആരോഗ്യ സംസ്കാരത്തിന്റെ ശക്തിയിലൂടെയാണ്. ലാഭേച്ഛയ്ക്ക് അതീതമായി, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ സേവനങ്ങൾ മാത്രമാണ് ഈ മേഖലയെ സമ്പൂർണമാക്കുന്നത്. ഈ ദൗത്യത്തിൽ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും (CHAI-ചായ്) അതിന്റെ കേരള ഘടകവും മാതൃകാപരമായ സേവനം നടത്തുന്നു; മനുഷ്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ദൈവത്തിന്റെ കരസ്പർശത്തോടെ.
ആരോഗ്യം: അവകാശവും ലക്ഷ്യവും
ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ ക്ഷേമത്തിന്റെ സമന്വയമാണ്. ഓരോ പൗരനും നവജാത ശിശുവിനും വയോജനത്തിനും ഒരുപോലെ ഈ അവകാശം ഉറപ്പാക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യസംരക്ഷണം ആശയം മാത്രമല്ല, സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിത്തറയാണ്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യവുമായി ചായ് കേരള ഘടകം ഈ ലക്ഷ്യത്തിനായി അവിശ്രമം പ്രവർത്തിക്കുന്നു. ആരോഗ്യമുള്ള ശരീരവും മനസും ഒരു ലക്ഷ്യബോധമുള്ള രാഷ്ട്രത്തിന്റെ നിർമിതിക്ക് അനിവാര്യമാണ്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ വിസ്മയകരമായ വളർച്ചയും വർധിച്ചുവരുന്ന ആരോഗ്യനിലവാര സൂചികകളും ഈ ലക്ഷ്യത്തിന്റെ അടുത്തെത്തിക്കുന്നു.
63-ാം വാർഷികം
ഇന്ന് പാലക്കാട്ട് ചായ്യുടെ 63-ാം വാർഷിക ജനറൽ ബോഡി യോഗം നടക്കുകയാണ്. 1990ൽ ദേശീയ, പ്രാദേശിക, രൂപതാതല മേഖലകളായി പ്രവർത്തനങ്ങൾ വിഭജിച്ചതോടെ ചായ്യുടെ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മവും കാര്യക്ഷമവുമായി. എച്ച്ആർ മാനേജർമാർ, ഡയറക്ടർമാർ, അഡ്മിനിസ്ട്രേറ്റർമാർ, നഴ്സിംഗ് സൂപ്രണ്ടുമാർ, സിഎൻജെ അംഗങ്ങൾ എന്നിവരുടെ മികച്ച നേതൃത്വമാണ് ഈ വിജയത്തിനു പിന്നിൽ.
പൈതൃകവും പ്രവർത്തനവും
1943ൽ ഡോ. സിസ്റ്റർ മേരി ഗ്ലോബറിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ചായ്, ‘ദുരിതമനുഭവിക്കുന്നവർക്ക് സ്നേഹസ്പർശം’ എന്ന ലക്ഷ്യത്തോടെ 15 സിസ്റ്റർമാർ തുടങ്ങിയ ചെറിയ സംരംഭമായിരുന്നു. ഇന്ന്, 3,570 അംഗ സംഘടനകളും 2,333 ഹെൽത്ത് സെന്ററുകളും 628 സെക്കൻഡറി, ടെർഷ്യറി ആശുപത്രികളും അഞ്ച് മെഡിക്കൽ കോളജുകളും ഉൾപ്പെടുന്ന വൻ ശൃംഖലയായി മാറിയിരിക്കുന്നു. കേരളത്തിൽ, 14 ജില്ലകളെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, മലബാർ എന്നിങ്ങനെ അഞ്ച് സോണുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
222 ആശുപത്രികൾ, ക്ലിനിക്കുകൾ, രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച്, ചായ്യുടെ കേരള ഘടകം ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്തവർക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ എത്തിക്കുന്നു. 15,400 ബെഡ്ഡുകൾ, 2,040 എഎസിയു ബെഡ്ഡുകൾ, 510 വെന്റിലേറ്ററുകൾ, 2,590 ഡോക്ടർമാർ, 180 സിസ്റ്റർ ഡോക്ടർമാർ, 10,300 നഴ്സുമാർ, 1,300 സിസ്റ്റർ നഴ്സുമാർ, 10,500 പാരാമെഡിക്കൽ സ്റ്റാഫ്, 16,800 നോൺ-ക്ലിനിക്കൽ സ്റ്റാഫ്, 480 സിസ്റ്റർമാർ, 85 പുരോഹിതർ, 180 ആംബുലൻസുകൾ, 4,495 വർക്ക് ഫോഴ്സ് എന്നിവ ഉൾപ്പെടുന്ന ഈ ശൃംഖല, 6:1 ബെഡ്-ടു-ഡോക്ടർ, 1.5:1 ബെഡ്-ടു-നഴ്സ്, 1.4:1 വെന്റിലേറ്റർ-ടു-ഐസിയു ബെഡ് അനുപാതങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
പ്രതിസന്ധികളിൽ സേവനം
കോവിഡ് മഹാമാരി, 2018ലെ മഹാപ്രളയം, വയനാട്ടിലെ ദുരന്തം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ചായ്യുടെ കേരള ഘടകം അസാധാരണമായ സേവനമാണ് കാഴ്ചവച്ചത്. മൂന്ന് മെഡിക്കൽ കോളജുകൾ, 400 ബെഡ്ഡുകളുള്ള 13 ആശുപത്രികൾ, 400ലധികം ബെഡ്ഡുകളുള്ള 52 ആശുപത്രികൾ, 100 ബെഡ്ഡുകളോളമുള്ള 90 ആശുപത്രികൾ, 38 ഡിസ്പെൻസറികൾ, 35 നഴ്സിംഗ് കോളജുകൾ, 42 നഴ്സിംഗ് സ്കൂളുകൾ, എട്ടു ഫാർമസി കോളജുകൾ, 11 പാരാമെഡിക്കൽ ടീച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലൂടെ ചായ് ദുരന്തബാധിതർക്ക് ആശ്വാസവും പിന്തുണയും നൽകി.
സാങ്കേതികവിദ്യയുടെ കരുത്ത്
സാങ്കേതികവിദ്യ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. ടെലിമെഡിസിൻ, ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡ്സ്, റോബോട്ടിക് സർജറി, എഐ-അധിഷ്ഠിത ഡയഗ്നോസ്റ്റിക്സ് തുടങ്ങിയവ കേരളത്തിന്റെ ആരോഗ്യ സേവനങ്ങളെ കൂടുതൽ കാര്യക്ഷമവും പ്രാപ്യവുമാക്കി. ചായ്യുടെ സ്ഥാപനങ്ങൾ ഈ സാങ്കേതികവിദ്യകൾ സ്വീകരിച്ച്, ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നു.
സാമൂഹിക ഉത്തരവാദിത്വവും ലക്ഷ്യങ്ങളും
സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടത് ഒരു കൂട്ടായ ഉത്തരവാദിത്വമാണ്. സാംക്രമികവും അസാംക്രമികവുമായ രോഗങ്ങൾ തടയുന്നതിനും ദുരന്തബാധിതർക്ക് ആശ്വാസം നൽകുന്നതിനും ന്യായമായ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിനും ചായ് സദാ ജാഗരൂകമാണ്. കഴിഞ്ഞ മൂന്ന് വർഷമായി ചായ്യുടെ പ്രവർത്തനങ്ങൾ ഒറ്റകുടക്കീഴിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.
ചായ്യുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ സമഗ്രമായ പരിവർത്തനം വിഭാവനം ചെയ്യുന്നു. മാനവികതയും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ യാത്ര, കേരളത്തെ ആരോഗ്യ സംസ്കാരത്തിന്റെ മാതൃകയാക്കി മാറ്റുന്നു. ചായ്യുടെ പാവനമായ ലക്ഷ്യവും വിശാലമായ പ്രവർത്തന ശൃംഖലയും കേരളത്തിന്റെ ആരോഗ്യഭാവിയെ കൂടുതൽ ശോഭനമാക്കുന്നു.
(കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റും
കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറുമാണ് ലേഖകൻ)
Editorial
തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറ യിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയും വേഗം നടപ്പാക്കണം. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ... ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്.
ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം. “വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്. ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി.
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില് വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില് ഈ കൊച്ചുരാഷ്ട്രം രാപകല് തയാറെടുപ്പില് മുഴുകി... മൂന്നാം ലോക വേദികളില് നാം ഉന്നയിച്ച പ്രമേയങ്ങളില് ഇസ്രയേല് ഒരു ‘തിയോക്രസി’യായി. മുന്കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി. അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില് ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന് ഉപയോഗിച്ച കരിംചായത്തിന്റെ കഥയില് ചോദ്യമുണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന് നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു... വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്.
തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം... ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറുസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ?
പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്.
ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്. അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.Read More