അഹമ്മദാബാദ്: ദുബായി വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച പാക്കിസ്ഥാനിൽനിന്നുള്ള ഈന്തപ്പഴം ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് പിടികൂടി.
മൂന്നു കോടി രൂപ വിലവരുന്ന 364 ടൺ ഉണക്ക ഈന്തപ്പഴമാണു റവന്യു ഇന്റലിജന്റ്സ് ഡയറക്ടറേറ്റ് പിടികൂടിയത്.
പാക്കിസ്ഥാനിൽനിന്ന് ദുബായിലേക്ക് അയയ്ക്കുകയും പിന്നീട് ഇവ വ്യത്യസ്ത കണ്ടെയ്നറുകളിലാക്കി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയുമായിരുന്നു.
പാക്കിസ്ഥാനിൽനിന്ന് രാജ്യത്തേക്കുള്ള ഇറക്കുമതി നിരോധനം മറികടക്കാനുള്ള ശ്രമമായിരുന്നു പിന്നിലെന്നും ഇത്തരത്തിലുള്ള 13 കണ്ടെയ്നറുകൾ പിടികൂടി കണ്ടുകെട്ടിയതായും ഔദ്യോഗികവൃത്തങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു.