ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്നലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 350 ആയി ഉയർന്നു.
54 നിരീക്ഷണകേന്ദ്രങ്ങളിൽ 47 ഇടങ്ങളിലും വായുനിലവാരം വളരെ മോശം വിഭാഗത്തിലും ഏഴിടങ്ങളിൽ അതീവ ഗുരുതര വിഭാഗത്തിലുമാണ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞും അനുഭവപ്പെടുന്നുണ്ട്.
മലിനീകരണത്തിന്റെ തോത് ഔദ്യോഗിക കണക്കുകളിൽ കുറച്ചുകാണിക്കാൻ നിരീക്ഷണവിവരങ്ങളിൽ കൃത്രിമം കാട്ടുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ സർക്കാർ നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.