ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നലെ വിരാമമായപ്പോൾ രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം ചർച്ചയാകാതെപോയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചു കോണ്ഗ്രസ്. മലിനീകരണം എന്ന ഗുരുതരമായ പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചയിൽനിന്ന് സർക്കാർ ഒളിച്ചോടുകയായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ചർച്ച നടന്നിരുന്നുവെങ്കിൽ പ്രതിപക്ഷം ഈ വിഷയത്തിൽ ക്രിയാത്മകമായ നിർദേശങ്ങൾ നൽകുമായിരുന്നുവെന്നും കോണ്ഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ജയ്റാം പ്രതികരിച്ചു.
മരണനിരക്കും മലിനീകരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നോ ശ്വാസകോശ രോഗങ്ങളുമായി മലിനീകരണത്തിന് ഏതെങ്കിലും തരത്തിൽ ബന്ധമില്ലെന്നോ ഉള്ള തരത്തിൽ സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയെ ജയ്റാം പരിഹസിച്ചു. കോണ്ഗ്രസ് ഇതിനെതിരേ മുഴുവൻ തെളിവുകളും നൽകുമായിരുന്നുവെന്നും എന്നാൽ ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതുപോലെ സർക്കാർ ചർച്ചയിൽനിന്ന് ഒളിച്ചോടുക മാത്രമായിരുന്നുവെന്നും ജയ്റാം ചൂണ്ടിക്കാട്ടി.
മലിനീകരണ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും പാർലമെന്ററികാര്യമന്ത്രി കിരണ് റിജിജു വിഷയം ചർച്ച ചെയ്യാമെന്ന് സഭയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കഴിഞ്ഞദിവസം വിഷയം ചർച്ച ചെയ്യാനായി ലോക്സഭയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും അന്നേദിവസം വിബി-ജി റാം ജി ബിൽ സഭയിൽ പാസാക്കിയതിനുശേഷം നേരത്തേ പിരിച്ചുവിട്ടതിനാൽ ചർച്ചയാകാതെ പോകുകയായിരുന്നു.
വിഷയം പാർലമെന്റ് ചർച്ച ചെയ്യാത്തതിൽ കോണ്ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിട്ടുണ്ട്.വിഷയം ചർച്ച ചെയ്യാൻ പറ്റിയില്ലെന്നും എന്നാൽ ചർച്ച ചെയ്യണമായിരുന്നുവെന്നും അടുത്ത സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
Tags : air pollution in Delhi