വാഷിംഗ്ടൺ ഡിസി: ഇന്ത്യയുടെ സൈനികവളർച്ചയ്ക്കു മാത്രമല്ല, വ്യവസായ മുന്നേറ്റത്തിനും ചൈന വെല്ലുവിളിയാകുന്നുവെന്ന് യുഎസ് കോൺഗ്രസ് കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അസംസ്കൃത വസ്തുക്കൾ, സാങ്കേതികവിദ്യ, യന്ത്രസാമഗ്രികൾ എന്നിവയിലുള്ള ആധിപത്യം ഉപയോഗിച്ച് ഇന്ത്യയുടെ ഉത്പാദന മേഖലയെ സമ്മർദത്തിലാക്കുകയാണെന്നാണു റിപ്പോർട്ടിലെ ആരോപണം.
ഇലക്ട്രോണിക്സ് നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കുന്നതും ചൈനീസ് കമ്പനികളിലെ എൻജിനിയർമാരെ തിരിച്ചുവിളിക്കുന്നതും ഇന്ത്യൻ ഉത്പാദനമേഖലയെ ബാധിക്കുന്നു.
ഔഷധനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതും ബാറ്ററി സാങ്കേതികവിദ്യയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇന്ത്യയുടെ ഹരിത ഊർജ പദ്ധതികൾക്കും വെല്ലുവിളിയാണ്.
ചൈനീസ് യന്ത്രസാമഗ്രികളെയും ഘടകങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയ്ക്കു വലിയ നിക്ഷേപവും സാങ്കേതികവിദ്യയും ആവശ്യമാണ്. ഈ രംഗത്ത് അമേരിക്കയുടെ സഹകരണം ഇന്ത്യയെ ചൈനയ്ക്ക് വ്യാവസായിക ബദലായി വളർത്താൻ സഹായിക്കുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.