കോഴിക്കോട്: കാലവര്‍ഷം എത്തിയ പശ്ചാത്തലത്തിലും വിവിധ പ്രദേശങ്ങളിലെ പ്രളയസാധ്യത കണക്കിലെടുത്തും അജൈവ പാഴ്വസ്തുക്കള് സമയബന്ധിതമായി നീക്കം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാരിന്റെ നിര്‍ദേശം.
പ്രതികൂല കാലാവസ്ഥ മൂലം പാഴ്വസ്തു നീക്കത്തില്‍ തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംഭരിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ യഥാസമയം മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശം.
മഴവെള്ളത്തില്‍ പാഴ്വസ്തുക്കള് നനഞ്ഞാല്‍ അവ കൈമാറുന്നതിനും സംഭരിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതിനു പുറമെ, അവയുടെ ഗുണനിലവാരവും വിപണിമൂല്യവും ഗണ്യമായി കുറയുകയും ചെയ്യും. പാഴ്വസ്തുക്കള് നനഞ്ഞാല്‍ അവയുടെ സംസ്കരണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരികയും ചെയ്യുമെന്നു കണ്ടാണ് ഉടനടി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭരണ കേന്ദ്രങ്ങള്‍ അടിയന്തരമായി വൃത്തിയാക്കണമെന്നാണു പ്രധാന നിര്‍ദേശങ്ങളിലൊന്ന്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളില്‍നിന്നു നിലവിലുള്ള മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം. ഇവ മഴവെള്ളവുമായി കലര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
പ്രളയസാധ്യതയുള്ള എംസിഎഫുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങള്‍ക്ക് സുഗമമായി എത്തിച്ചേരാന്‍ ആവശ്യമായ റോഡ് സൗകര്യങ്ങളും അനുബന്ധ ക്രമീകരണങ്ങളും അടിയന്തരമായി ഉറപ്പാക്കണം.
തദ്ദേശ സ്ഥാപനതലത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെ സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ ഉടന്‍ ശേഖരിച്ച് അതത് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. വരും വര്‍ഷങ്ങളില്‍ മാര്‍ച്ച് 31നകം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം.
ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗങ്ങളില്‍ പ്രളയബാധിത പ്രദേശങ്ങളിലെ ഈ സംവിധാനങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, കെഎസ്ഡബ്ല്യുഎംപി എക്സിക്യൂട്ടീവ്/മാനേജിംഗ് ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.