കലിഫോർണിയ: ഏതെങ്കിലുമൊരു സ്ഥലത്തോ റസ്റ്ററന്റിലോ എത്തിച്ചേരാൻ വഴികാട്ടിത്തരുന്നതിനപ്പുറം, ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്തു നല്കാനുള്ള വലിയൊരു തയാറെടുപ്പിലാണ് സെർച്ച് ഭീമൻമാരായ ഗൂഗിൾ.
ഗൂഗിൾ മാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഇതിനായുള്ള കോഡിംഗ് വിവരങ്ങൾ രേഖപ്പടുത്തിയിട്ടുണ്ടെന്നാണ് പ്രമുഖ ടെക് വെബ്സൈറ്റായ ‘ആൻഡ്രോയിഡ് അഥോറിറ്റി’ കണ്ടെത്തിയിരിക്കുന്നത്.
ജെമിനി എഐ സങ്കേതികവിദ്യയുടെ കരുത്തോടെ പ്രവർത്തിക്കുന്ന ‘ആസ്ക് മാപ്സ് ’ സംവിധാനത്തിലൂടെയാകും ഇതു സാധ്യമാകുക.
യൂബർ ഈറ്റ്സ് പോലുള്ള തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാതെതന്നെ മാപ്പിലൂടെ നേരിട്ട് ഓർഡർ നല്കാനാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ആസ്ക് മാപ്സ് വഴി സാധാരണ സംഭാഷണ ശൈലിയിൽ സംസാരിച്ച് റസ്റ്ററന്റുകൾ കണ്ടെത്താൻ ഇപ്പോൾ സാധിക്കുമെങ്കിലും, അടുത്ത ഘട്ടമെന്ന നിലയിലാണ് ഓർഡർ പൂർത്തിയാക്കാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുന്നത്.