International
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലുമായുള്ള നിലവിലെ സംഘർഷം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാന്. റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണ് ഈ നിബന്ധനകൾ പുറത്തുവിട്ടത്.
ഇറാന്റെ പരമാധികാരവും നിയമാനുസൃതമായ അവകാശങ്ങളും അന്താരാഷ്ട്രതലത്തിൽ പൂർണമായും അംഗീകരിക്കുക, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര ഉറപ്പ് നൽകുക എന്നിങ്ങനെയാണ് ഇറാൻ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങൾ.
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ വെടിനിർത്തലിന് തയ്യാറല്ലെന്നുമാണ് ഇറാന്റെ നിലപാട്. ഇസ്രായേലും അമേരിക്കയും ചേർന്ന് തുടങ്ങിയ ഈ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏക പോംവഴിയെന്നും പെസഷ്കിയാൻ പറഞ്ഞു.
International
ടെഹ്റാൻ: അമേരിക്കൻ-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയ്യുയുടെ പിൻഗാമിയായി അധികാരമേറ്റ ആയത്തുള്ള മുജ്തബ ഖമനയ്യുടെ സുരക്ഷയ്ക്കായി ഇറാൻ തങ്ങളുടെ എലൈറ്റ് കൗണ്ടർ ടെററിസം യൂണിറ്റിനെ വിന്യസിച്ചു. 'കറുത്ത വസ്ത്രധാരികളായ കൊലയാളി സംഘം' എന്നറിയപ്പെടുന്ന ഈ സേന മുജ്തബയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇറാന്റെ സ്പെഷ്യൽ ഫോഴ്സ് ആയ നോപ്പോ യൂണിറ്റിലെ കറുത്ത വസ്ത്രം ധരിച്ച കമാൻഡോകളാണ് പുതിയ നേതാവിന് ചുറ്റും സുരക്ഷാ കവചമൊരുക്കുന്നത്. ശത്രുക്കളെ ഏത് സാഹചര്യത്തിലും നേരിടാൻ പരിശീലനം ലഭിച്ചവരാണ് ഇവർ. അലി ഖമനയ്യുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കുകയാണ്. മുജ്തബ ഖമനയ്യുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ഭരണകൂടത്തിന്റെ കരുത്ത് തെളിയിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
അധികാരമേറ്റതിന് ശേഷം മുജ്തബ ഖമനയ് ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശത്രുക്കളുടെ നീക്കം ഭയന്ന് അദ്ദേഹം അതീവ സുരക്ഷയുള്ള രഹസ്യ കേന്ദ്രത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയ്യുടെ രണ്ടാമത്തെ മകനായ മുജ്തബ, ഇറാനിലെ വിപ്ലവ ഗാർഡുകളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. കഴിഞ്ഞ പത്തുവർഷമായി പിതാവിന്റെ നിഴലായി നിന്നുകൊണ്ട് ഭരണകാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു.
Kerala
കൊച്ചി: പാചകവാതക പ്രതിസന്ധിയെ തുടര്‍ന്നു കൊച്ചിയില്‍ ഹോട്ടലുകള്‍ അടയ്ക്കുന്നു. വാണിജ്യ സിലിണ്ടര്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മിക്ക ഹോട്ടലുകളും പ്രവര്‍ത്തനം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. അടുത്ത ദിവസം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനായി സിലിണ്ടറുകളുടെ സ്റ്റോക്ക് ഇല്ല എന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തു പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. പാചകവാതക ക്ഷാമവും ഇന്ധന വില ചര്‍ച്ച ചെയ്യുന്നതിനുമായി യോഗം ചേര്‍ന്ന ശേഷം തടസങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുംബൈ, ചെന്നൈ, ബംഗളൂരു നഗരങ്ങളിലെ ഹോട്ടലുടമകളുടെ സംഘടനകള്‍ പാചകവാതക ലഭ്യതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.
പ്രകൃതിവാതക ലഭ്യത ഉറപ്പാക്കാന്‍ മൂന്നംഗ സമിതിയും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തലത്തിലുള്ള പ്രതിനിധികളാണ് സമിതി അംഗങ്ങള്‍.
ഗാര്‍ഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് തടയാനും നടപടി തുടങ്ങി. സിലിണ്ടര്‍ ലഭ്യത വലിയ ആശങ്ക ആകുമ്പോഴാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയുടെ പല എണ്ണക്കപ്പലുകളും ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങി കിടക്കുകയാണ്.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.
വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒമ്പത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.
National
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ ഇറാനിലെ ഇന്ത്യക്കാരുമായുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ ഡല്‍ഹിലെത്തി. ഇതോടെ ഇറാനില്‍ കുടുങ്ങിയ 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഒരു മലയാളി ഉള്‍പ്പെടെ 311 പേരെ വഹിച്ചുകൊണ്ടുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ വൈകുന്നേരം 4.30നാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്നലെ എത്തിയ സംഘത്തില്‍ 280 പേരും വിദ്യാര്‍ഥികളാണ്. കൂടാതെ ഇറാനിലേക്കു പോയ തീര്‍ഥാടകരും ഇന്നലെ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. വിദ്യാര്‍ഥികളില്‍ കൂടുതലും കാഷ്മീര്‍ സ്വദേശികളാണ്.
കണ്ണൂര്‍ സ്വദേശിയും അഹമ്മദാബാദില്‍ സ്ഥിരതാമസക്കാരനുമായ ദിനേശ് കുര്‍ജാനാണ് ഇന്നലെ എത്തിയ സംഘത്തിലുണ്ടായിരുന്ന ഏക മലയാളി. ഇതോടെ 'ഓപ്പറേഷന് സിന്ധു'വിന്റെ ഭാഗമായി ഒരു വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ട് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി.
ഇറാനിലെ മഷ്ഹദില്‍നിന്നാണ് 311 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടത്. അര്‍ധരാത്രിയില്‍ മറ്റൊരു വിമാനവും ഇതേ സ്ഥലത്തുനിന്നു ഡല്‍ഹിയില്‍ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷം വ്യാപകമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് 'ഓപ്പറേഷന് സിന്ധു' എന്ന് പേരിട്ട ഒഴിപ്പിക്കല്‍ ദൗത്യം ഇന്ത്യ ആരംഭിച്ചത്.
ഇന്ത്യക്കാര്‍ക്ക് പുറമെ സംഘര്‍ഷത്തില്‍ കുടുങ്ങിയ നേപ്പാള്‍, ശ്രീലങ്കന്‍ പൗരന്മാരെയും നാട്ടിലെത്തിക്കുന്നതിനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സര്‍ക്കാരുകളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് നടപടി.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി മുഖേനയായിരിക്കും ഈ ദൗത്യം നിയന്ത്രിക്കുക. അയല്പക്കം ആദ്യം' എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായാണ് ഈ ദൗത്യം ഇന്ത്യ ഏറ്റെടുത്തത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.