ടെഹ്റാൻ: അമേരിക്കയും ഇസ്രയേലുമായുള്ള നിലവിലെ സംഘർഷം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാന്. റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണ് ഈ നിബന്ധനകൾ പുറത്തുവിട്ടത്.
ഇറാന്റെ പരമാധികാരവും നിയമാനുസൃതമായ അവകാശങ്ങളും അന്താരാഷ്ട്രതലത്തിൽ പൂർണമായും അംഗീകരിക്കുക, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര ഉറപ്പ് നൽകുക എന്നിങ്ങനെയാണ് ഇറാൻ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങൾ.
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ വെടിനിർത്തലിന് തയ്യാറല്ലെന്നുമാണ് ഇറാന്റെ നിലപാട്. ഇസ്രായേലും അമേരിക്കയും ചേർന്ന് തുടങ്ങിയ ഈ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏക പോംവഴിയെന്നും പെസഷ്കിയാൻ പറഞ്ഞു.
Tags : Iran War Peseshkian war