കടപ്ലാമറ്റം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷം നടത്തി. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കാർഷികമേഖലയുടെ സമഗ്ര വികസനത്തിനും ആവശ്യമായ പിന്തുണ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
വയലാ പ്രദേശത്തെ കർഷകരുടെ ദീർഘകാല ആവശ്യമായ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 32 കർഷക കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഏകദേശം 50 ഏക്കർ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് പറഞ്ഞു.
വൈസ് പ്രസിഡന്റ് സജീവ് കുമാർ, ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കർഷകരെയും കാർഷിക മേഖലയിലെ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.