Sports
ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ, കർണാടക ടീമുകൾ സെമി ഫൈനലിൽ കന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഉത്തരാഖണ്ഡ് ജാർഖണ്ഡിനെയും കർണാടക മുംബൈയെയും ജമ്മു കാഷ്മീർ മധ്യപ്രദേശിനെയും തോൽപ്പിച്ചു.
ജർഖണ്ഡിനെ ഇന്നിംഗ്സിനും ആറ് റൺസിനും തോൽപ്പിച്ചാണ് ഉത്തരാഖണ്ഡ് സെമിയിൽ പ്രവേശിച്ചത്. മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയ ഉത്തരാഖണ്ഡ് സ്പിന്നർ മായങ്ക് മിശ്രയാണ് മാൻ ഓഫ് ദ മാച്ച്. ഉത്തരാഖണ്ഡിന്റെ കന്നി സെമിഫൈനൽ പ്രവേശനമാണിത്.
ത്രില്ലർ പോരാട്ടത്തിൽ മധ്യപ്രദേശിനെ 56 റൺസിന് തോൽപ്പിച്ചാണ് ജമ്മു കാഷ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിപ്രവേശനം നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും ഉൾപ്പടെ 12 വിക്കറ്റുകൾ പിഴുത ജമ്മു കാഷ്മീർ പേസർ ആഖ്വബ് നബിയാണ് ജയമൊരുക്കിയത്. നബിയാണ് മാൻ ഓഫ് ദ മാച്ച്.
കരുത്തരായ മുംബൈയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് കർണാടക സെമിപ്രവേശനം നേടിയത്. 325 റൺസ് പിന്തുടർന്ന കർണാടക ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ കെ.എൽ.രാഹുൽ നേടിയ മിന്നുന്ന സെഞ്ചുറിയാണ് (130) കർണാടകയ്ക്ക് കരുത്തായത്. രവിചന്ദ്രൻ സമറാൻ പുറത്താകാതെ 83 റൺസ് നേടി. വിദ്യാർഥർ പാട്ടീൽ 31 റൺസുമായി പുറത്താകാതെ നിന്നും. രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
ആന്ധ്രപ്രദേശ്-പഞ്ചിമ ബംഗാൾ ക്വാർട്ടർ ഫൈനൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാലാം ദിനം പൂർത്തിയായപ്പോൾ മത്സരത്തിൽ വിജയികളായിട്ടില്ലെങ്കിലും ബംഗാൾ സെമിയിൽ കടക്കുമെന്ന് ഉറപ്പാണ്.
ആദ്യ ഇന്നിംഗ്സിൽ 334 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ബംഗാൾ മത്സരത്തിൽ വിജയത്തിലേക്ക് നീങ്ങുകയാണ്. ഏഴ് വിക്കറ്റ് കൈവശമുള്ള ആന്ധ്രയ്ക്ക് അവാസന ദിവസം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 270 റൺസ് കൂടി വേണം.
National
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യ കൊടുങ്കാറ്റും ജനജീവിതം ദുഃസഹമാക്കുന്നു. ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും മലകളും തുടർച്ചയായ മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
ഡൽഹിയിലും ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ഇന്നലെ ആറു ഡിഗ്രി സെൽഷസ് വരെ താഴ്ന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇന്നും നാളെയും കുറഞ്ഞ താപനില പൂജ്യം മുതൽ അഞ്ച് ഡിഗ്രി സെൽഷസ് വരെ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശൈത്യക്കാറ്റ് തണുപ്പിന്റെ തീവ്രത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച പെയ്ത മഴയും മലന്പ്രദേശങ്ങളിലെ മഞ്ഞുവീഴ്ചയും മൂലം താപനില വീണ്ടും താഴ്ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശീതക്കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. പകൽസമയങ്ങളിലും വെയിൽ കുറവാകും.
ഉത്തരാഖണ്ഡിലെ ഗർവാൾ, കുമയോണ് ഡിവിഷനുകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം, നൈനിറ്റാൾ, മണാലി, മസൂറി, ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി, ഔലി, ചക്രത, ധനോൾട്ടി, മുൻസിയാരി തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയും ശീതക്കാറ്റും സാധാരണജീവിതം താറുമാറാക്കി. ഉയർന്ന പ്രദേശങ്ങൾ കട്ടിയുള്ള വെളുത്ത പുതപ്പിൽ മൂടപ്പെട്ടു.
മണാലിയിലെ മഞ്ഞിൽ നിരവധി വാഹനങ്ങളും വിനോദസഞ്ചാരികളും തെന്നി താഴേക്കുപോയെങ്കിലും വലിയ അപകടം ഒഴിവായി. നൈനിറ്റാൾ നഗരത്തിൽ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവുമുണ്ടായി. നൈനിറ്റാളിലെ ചൈന പീക്ക്, കിൽബറി, അൽമോറയിലെ ദുനഗിരി, പൗരിയിലെ തർക്കേശ്വർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുമൂടി. വെള്ളിയാഴ്ചയാണു പലയിടങ്ങളിലും സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായത്.
National
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്.
അഞ്ച് മിനുട്ടോളം അതിർത്തി പ്രദേശത്ത് ഡ്രോൺ ഉണ്ടായിരുന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ അറിയിച്ചു. ഇതേ തുടർന്ന് സുരക്ഷാസേന അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്കെത്തുന്നത്. സുരക്ഷ സേന വെടിയുതിർക്കുന്നതോടെ പാക് ഡ്രോണുകൾ പിന്തിരിയുന്നതാണ് പതിവ്. ഇത്തരം പാക് നീക്കങ്ങൾക്ക് സൈന്യം കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനറൽ ഉപേന്ദ്ര ദ്വിവേദി വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അറിയിച്ചിരുന്നു. നിലവിൽ കാഷ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ഭീകരവാദ ഗ്രൂപ്പുകൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരേയുള്ള മിഷൻ മോഡ് ദൗത്യം തുടരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്മീരിനെ ഭീകര വിമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കാനും എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഷാ നിർദേശം നൽകി.
ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ കുമാർ ദേക്ക, ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ കേന്ദ്ര പോലീസ് സേനകളുടെ മേധാവികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കേന്ദ്രഭരണപ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ മിഷൻ മോഡിൽ തുടരണമെന്നും അമിത് ഷാ നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കാഷ്മീരിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും ഭീകരവാദം തുടച്ചുനീക്കാനും സർക്കാരിനു പൂർണ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖ(എൽഒസി)യ്ക്ക് സമീപത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാസേന. ഹന്ദ്വാരയിലെ നീരിയൻ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. രണ്ട് എം-സീരീസ് (എം4) അസോൾട്ട് റൈഫിളുകളും നാല് മാഗസിനുകളും രണ്ട് ചൈനീസ് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും രണ്ട് ഹാൻഡ് ഗ്രനേഡുകളും ഒന്നിലധികം ലൈവ് റൗണ്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.