ടെഹ്റാൻ: ജോർദാനിലെ സൈനിക താവളത്തിന് നേരെ വെള്ളിയാഴ്ച രാത്രി ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
മേഖലയിൽ യുഎസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്നാണ് വിവരം. ജോർദാനിലെ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ യുഎസ് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടെങ്കിലും യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിൽ പരിക്കേറ്റ നാല് യുഎസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസാര പരിക്കേറ്റ മറ്റ് ചില സൈനികർക്കും സൈനിക താവളത്തിൽതന്നെ ചികിത്സ നൽകി. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂ എന്ന് യുഎസ് സൈന്യം വ്യക്തമാക്കി.
ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.