എരുമേലി: മൂക്ക് പൊത്തി യാത്ര ചെയ്തിരുന്ന റോഡിൽ സകല മാലിന്യങ്ങളും മാറ്റി അവിടെ മാലിന്യങ്ങൾ ഇടുന്നത് തടയാൻ കാമറകൾ സ്ഥാപിക്കുകയും സൗന്ദര്യവത്ക്കരണവുമാക്കിയവർ ഇതേ റോഡിലെ വനം ജംഗിൾ പാർക്ക് ആക്കാനുള്ള നീക്കത്തിൽ. ഇതിനായി വനം മന്ത്രിയെ കണ്ട് ചർച്ച നടത്തുകയും പദ്ധതി രൂപരേഖയും നിവേദനവും നൽകുകയും ചെയ്തു.
എരുമേലി - വെച്ചൂച്ചിറ പഞ്ചായത്ത് അതിർത്തിയിലുള്ള കനകപ്പലത്തെ വനപാതയിലാണ് ജംഗിൾ പാർക്ക് നിർമിക്കാൻ നീക്കമുള്ളത്. ഈ പാത മുമ്പ് വൻ തോതിൽ മാലിന്യം നിറഞ്ഞിരുന്ന റോഡായിരുന്നു. ഇതിന് മാറ്റം വന്നത് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഇടപെടലിലാണ്. ടൺ കണക്കിന് മാലിന്യങ്ങളാണ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നീക്കിയത്. തുടർന്ന് സൗരോർജ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതോടെ പ്രദേശം മാലിന്യമുക്തമാവുകയായിരുന്നു. പൈൻ മരങ്ങളും യൂക്കാലിപ്പിസ്റ്റ് മരങ്ങളുമാണ് റോഡിൽ പാതയോരത്ത് വനത്തിലുള്ളത്. കഴിഞ്ഞയിടെ എരുമേലി പഞ്ചായത്ത് അമൃത് സരോവർ പദ്ധതിയിൽ ഇവിടെ കുളം നിർമിച്ചിട്ടുണ്ട്. പൈൻ മരങ്ങളും യൂക്കാലിപ്പിസ്റ്റ് മരങ്ങളും കുളവും ടൂറിസം സാധ്യതയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ്.
വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൈൻമരത്തോട്ടവും എരുമേലി പഞ്ചായത്ത് വക കുളവും സൗന്ദര്യവൽക്കരിച്ച് വികസിപ്പിച്ചാൽ ടൂറിസം സങ്കേതമാക്കി മാറ്റാനാകുമെന്ന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഭാരവാഹികൾ പറയുന്നു.
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഫൗണ്ടേഷൻ ഭാരവാഹികൾ വനം മന്ത്രി ഷിബു ബേബി ജോണിനെ കണ്ട് രൂപരേഖയും നിവേദനവും നൽകി. ഹരിതം അരണ്യകം ജംഗിൾ പാർക്ക് സ്ഥാപിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. പ്രകൃതി സംരക്ഷണവും പരിസ്ഥിതി വിദ്യാഭ്യാസവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി പ്രകൃതി നടപ്പാതകൾ, വ്യൂ പോയിന്റുകൾ, കുട്ടികളുടെ നേച്ചർ പാർക്ക്, ഔഷധ സസ്യോദ്യാനം, ശലഭോദ്യാനം, പക്ഷിനിരീക്ഷണ കേന്ദ്രം എന്നിവ ജംഗിൾ പാർക്ക് പദ്ധതിയിൽ ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പായാൽ എരുമേലി മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ടൂറിസം വികസനത്തിനും പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് സ്ഥലം പരിശോധിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പറ, ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, പത്തനംതിട്ട ജില്ലാ ചാപ്റ്റർ ചെയർമാൻ ടി.കെ. സാജു, സെക്രട്ടറി ജോൺ സാമുവേൽ, ജോൺ വി. തോമസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.