Business
കാഞ്ഞിരപ്പള്ളി: പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി സൂക്ഷ്മ - ചെറുകിട വ്യവസായ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ സർക്കാർ ഏജൻസികൾ, കൂടാതെ നൂതന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനായി വിദ്യാർഥി - അധ്യാപക സമൂഹം എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് കൺവെർജ് 2026 ബിസിനസ് സമ്മിറ്റ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ, നബാർഡ്, കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്നീ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് ഗവേണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡയറക്ടർ റവ.ഡോ. റോയി പഴയപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വ്യവസായ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഉൽപന്നങ്ങളുടെ ടെസ്റ്റിംഗ്, പ്രോട്ടോടൈപ്പ് നിർമാണം എന്നിവയ്ക്കായി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ലഭ്യമായ യന്ത്രസൗകര്യങ്ങളുടെയും അവയുടെ സാങ്കേതിക സവിശേഷതകളുടെയും വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മുൻ റിസേർച്ച് ഡീൻ ഡോ. വൃന്ദ വി. നായരും കോളജ് ഗവേണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും ചേർന്നു നിർവഹിച്ചു. പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വളർച്ച സാധ്യമാക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് പാനൽ ചർച്ച നടത്തി.
ചർച്ചയിൽ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ്, നബാർഡ് എജിഎം റെജി വർഗീസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ജി. വരുൺ, കെഇആർഎ പ്രോജക്ട് ഡയറക്ടർ ഷാഹുൽ മുഹമ്മദ്, സീനിയർ കൺസൾട്ടന്റ് ഡോ. ദീപ പി. ഗോപിനാഥ്, അമൽജ്യോതി എൻജിനിയറിംഗ് കോളജ് അധ്യാപകൻ ഡോ. ഷെറിൻ സാം ജോസ് എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം: പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്യൂഷൻ സെന്റർ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. സാമ്പത്തിക തർക്കമാണ് കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസും അറിയിച്ചു. ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു(45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നു പോലീസ് സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുമ്പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുമ്പു ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്കു കാരണമായതെന്നു പോലീസ് പറഞ്ഞു.
ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും ഷേർളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേർളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാൾ വീടു പണിക്കും മറ്റുമായി തന്റെ ബാങ്ക് നിക്ഷേപമെടുത്തു നൽകിയത്. ഇതുകൂടാതെ ജോബ് കോട്ടയം താഴത്തങ്ങാടിയില്‍ വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന് സെന്റര്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിർത്തിയിരുന്നു. ഷേർളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷൻ സെന്റർ നിർത്തിയതെന്നു പറയുന്നു.
ഒഴിവാക്കൽ, കലഹം
ജോബിനെ ഒഴിവാക്കാൻ ഷേർളി ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്റെ നിലപാട്. ഇതിനിടെ, കലഹം രൂക്ഷമായതോടെ
ജോബിനെതിരേ കാഞ്ഞിരപ്പള്ളി പോലീസില്‍ ഷേർളി പരാതി നല്കി. എന്നാല്‍, പോലീസ് വിശദമായ ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ സഹകരിക്കാന്‍ ഷേര്‍ലി താത്പര്യം കാണിച്ചില്ല. ഇതിനിടെ, തന്റെ പണം തരണമെന്ന കടുത്ത നിലപാട് ജോബ് സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്നം വളഷായി. ഇതിനിടെ, ഷേര്‍ലി മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു ജോബും ഷേര്‍ലിയുടെ ആദ്യ ഭര്‍ത്താവിന്റെ മകനും ചേര്‍ന്നു കൊച്ചിയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആ യാത്രയിലും തിരികെ വന്ന ശേഷവും ഇരുവരും തമ്മില്‍ കലശലായ ബഹളമുണ്ടായി.
ജോബ് തന്നെ വക വരുത്തുമെന്ന് അടുത്തിടെ പരിചയത്തിലായ സുഹൃത്തിനെ ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഷേര്‍ളി ഫോണില്‍ അറിയിച്ചിരുന്നു. തിരികെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെയാണ് ഇദ്ദേഹമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും തുടര്‍ന്ന് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യത്തില്‍ പങ്കില്ലെന്നു കണ്ടതിനാല്‍ വിട്ടയച്ചു.
മൃതദേഹങ്ങൾ സംസ്കരിച്ചു
കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലപ്പെട്ട നെടുങ്കണ്ടം കല്ലാർ തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (38) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഷേർലിയുടെ മൃതദേഹം പൊൻകുന്നം ചേപ്പുംപാറ ശാന്തിതീരം പൊതുശ്മശാനത്തിലും ജോബ് സക്കറിയയുടെ മൃതദേഹം കോട്ടയത്തുമാണ് സംസ്കരിച്ചത്.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെ പോലീസിന്റെ പ്രാഥമിക നിഗമനം.
ആറ് മാസം മുൻപാണ് കോട്ടയം ആലുംമൂട് സ്വദേശി ജോബും ഇടുക്കി കല്ലാർഭാഗം സ്വദേശിയായ ഷേർലിയും കാഞ്ഞിരപ്പള്ളി, കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.
വീടിനുള്ളിൽ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്.
ചങ്ങനാശേരി തുരുത്തി സ്വദേശി ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
ഏഴ് മാസം മുൻപാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെയും ഷേർലിയുടെയും മൃതദേഹങ്ങൾ ഒരേ മുറിയിലാണ് കാണപ്പെട്ടത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീടിനുള്ളിൽ പരിശോധന നടത്തും.
Kerala
കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു.
എരുമേലിക്ക് സമീപം ചരളയിൽ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് പിന്നാലെ ശബരിമല റൂട്ടിൽ നേരിയ ഗതാഗത തടസമുണ്ടായി. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സലിം എന്നയാളുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തിയത്.
ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി വിവരമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളിയാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
District News
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് വകുപ്പ് എഐ അധിഷ്ഠിതമായ പ്രോജക്ടുകളും മറ്റും കണ്ടെത്തി വിജയിപ്പിക്കാനും എഐയോടുള്ള താത്പര്യം വർധിപ്പിക്കാനുതകുന്നതിനായി സ്കൂൾ കുട്ടികൾക്കായി നടത്തിയ എഐ ക്വിസ് മത്സരത്തിൽ റാന്നി സിറ്റാഡൽ റസിഡൻഷൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലെ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
വിവിധ സ്കൂളുകളിൽനിന്നായി 33 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
അമൽജ്യോതി ആർട്ടിഫിഷൽ ഇന്റലിജൻസ് വകുപ്പ് മേധാവി പ്രഫ. ഡോ. മനോജ് ടി. ജോയി ക്വിസ് നയിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴിനായിരുന്നു സംഭവം.
സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നിൽ വന്ന് ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു സജി.