Kerala
കൂത്താട്ടുകുളം: പേരിലെ കൗതുകം കൊണ്ട് കൂത്താട്ടുകുളം വാർഡിൽ ശ്രദ്ധേയായ മായ വിയ്ക്ക് തോൽവി. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായ. ഇനിഷ്യൽ കൂടി കൂട്ടിവിളിച്ച് മായാവി എന്നതായിരുന്നു പേരിലെ കൗതുകം.
യുഡിഎഫ് സ്ഥാനാർഥി 295 വോട്ടു നേടിയപ്പോൾ രണ്ടാമതെത്തിയ മായയ്ക്ക് 146 വോട്ട് നേടാനാണ് സാധിച്ചത്.
Kerala
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് മകനും അച്ഛനും ഒരേ ദിവസം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒലിയപ്പുറം ആക്കത്തടത്തില്‍ എ.എന്‍. റെജി (44)യും പിതാവ് എ.ആര്. നാരായണനു (72) മാണ് അന്തരിച്ചത്.
ഒക്ടോബര്‍ ആറിനു രാത്രി ഏഴോടെ കൂത്താട്ടുകുളം ചമ്പോന്തയില്താഴം കാര്‍ വര്‍ക്ക്ഷോപ്പിനു സമീപം മണ്ണുമാന്തിയന്ത്രം ഇലക്ട്രിക് സ്കൂട്ടറിലിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്നു റെജി.
കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കുശേഷം വീട്ടില്‍ കൊണ്ടുവന്ന റെജിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ ഒമ്പതോടെ മരിച്ചു. അസുഖത്തെത്തുടര്‍ന്നു കിടപ്പിലായിരുന്ന അച്ഛൻ നാരായണന് വൈകുന്നേരം അഞ്ചോടെയും മരിച്ചു.
സുമതിയാണു നാരായണന്റെ ഭാര്യ. മകൾ: ജിഷ. സിനിയാണു റെജിയുടെ ഭാര്യ. നാരായണന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും റെജിയുടെ സംസ്കാരം നാലിനും നടക്കും.
Kerala
കൂത്താട്ടുകുളം: യുഡിഎഫ് പാനലിൽനിന്നു ജയിച്ച സിഡിഎസ് ചെയർപേഴ്സൺ ദീപ ഷാജി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.
കുടുംബശ്രീ അംഗങ്ങളുടെ ലക്ഷങ്ങൾ തട്ടിയ കലാ രാജുവിനെ നഗരസഭാ ചെയർപേഴ്സണാക്കിയ യുഡിഎഫ് നിലപാടിലും തട്ടിയെടുത്ത പണം മടക്കിനൽകാത്തതിലും പ്രതിഷേധിച്ചാണ് കോൺഗ്രസിൽനിന്നു രാജിവച്ചതെന്ന് ദീപ ഷാജി പറഞ്ഞു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. ഇത്തവണ ഇരുപതാം ഡിവിഷനിലാണ് ദീപ മത്സരിക്കുക. ചെയർപേഴ്സണായി അധികാരമേറ്റശേഷം നഗരസഭയിൽ കലാ രാജു പങ്കെടുത്ത എല്ലാ പരിപാടികളും കുടുംബശ്രീ ചെയർപേഴ്സണും അംഗങ്ങളും ബഹിഷ്കരിച്ചിരുന്നു.
2020ൽ പതിനഞ്ചാം ഡിവിഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട കലാ രാജു ഓണംകുന്ന് കുടുംബശ്രീ അംഗങ്ങളുടെ പേരിൽ വിവിധ ബാങ്കുകളിൽനിന്ന് ലിങ്കേജ്, ജെഎൽജി, മുറ്റത്തെ മുല്ല തുടങ്ങി വിവിധ സ്കീമുകളിൽ ആകെ 13.85 ലക്ഷം വായ്പയെടുത്തു. ഇതിപ്പോൾ കുടിശിക ഉൾപ്പെടെ 20 ലക്ഷം കടന്നു.
Business
തിരുമാറാടി: കൂത്താട്ടുകുളം പൈനാപ്പിൾ ദുബായിലേക്ക്. മണ്ണത്തൂരിലെ കൃഷിയിടങ്ങളിൽനിന്നു നേരിട്ടു പച്ച പൈനാപ്പിൾ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് ആദ്യമായാണു കപ്പലിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്.
ആദ്യലോഡ് മണ്ണത്തൂരിൽനിന്നു കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ കീഴിൽ വരുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ടു. 20 ടണ്ണാണ് ആദ്യഘട്ടത്തിൽ കയറ്റിവിട്ടത്.
വിമാനത്തിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നതിന് വലിയ ചെലവാണ്. തന്നെയുമല്ല അധികം അളവിൽ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളിൽ കൂറ്റൻ കണ്ടെയ്നറുകളിൽ കൊണ്ടുപോകാനാകും.
ദീർഘസമയം യാത്രയുള്ളതിനാൽ 125 ദിവസമെത്തിയ പച്ച പൈനാപ്പിളാണു കയറ്റുമതി ചെയ്യുന്നത്. തൂക്കം നോക്കി പ്രത്യേകരീതിയിൽ പായ്ക്കു ചെയ്ത് കട്ടിക്കൂടുകളിൽ പ്രത്യേകം അറയ്ക്കുള്ളിലാക്കിയാണു കയറ്റുമതി ചെയ്തത്.
District News
കൂത്താട്ടുകുളം: മഴയെ തുടർന്നു നിർത്തിവച്ച കൂത്താട്ടുകുളം-പാലാ റോഡിന്റെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. ഇന്നലെ രാവിലെ മുതലാണ് പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ നിർമാണങ്ങൾ പുനരാരംഭിച്ചത്. രാമപുരം കവല മുതൽ മംഗലത്തുതാഴം വരെയുള്ള ഭാഗത്തെ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നുവന്നിരുന്നത്. ഇതിന്റെ ഭാഗമായി രാമപുരം കവല മുതൽ മാരുതി കവലവരെയുള്ള ഭാഗത്ത് നാല് സ്ഥലങ്ങളിൽ ടൈൽ വിരിക്കുന്ന ജോലികളാണ് പൂർത്തീകരിച്ചിരിക്കുന്നത്.
ടൈൽ വിരിച്ച് സൈഡ് ലോക്ക് പൂർത്തിയായതോടെ മഴ ആരംഭിക്കുകയും നിർമാണം പാതിവഴിയിൽ നിർത്തിവെക്കുകയും ആയിരുന്നു. ഇതിനിടയിൽ നിർമാണം പുനരാരംഭിക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും മഴ മൂലം പണികൾ നടത്താൻ കഴിഞ്ഞില്ല. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും മുമ്പ് ഗതാഗതത്തിനായി റോഡ് തുറന്നു നൽകിയിരുന്നു.
പഴയ റോഡും ടൈൽ വിരിച്ച ഭാഗവും തമ്മിലുള്ള പൊക്കവ്യത്യാസം വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ ഭാഗങ്ങളിലെ ടാറിംഗ് വർക്കുകളാണ് രാവിലെ ആരംഭിച്ചത്. പഴയ റോഡും പുതിയ ഭാഗവും തമ്മിലുള്ള സ്ലോപ്പ് മെറ്റിലും ടാറും ഉപയോഗിച്ച് ക്രമീകരിച്ചു. വരും ദിവസങ്ങളിൽ ഇതിനു മുകളിൽ അവസാനവട്ട ടാറിംഗ് നടക്കും. ഇതോടൊപ്പം റോഡിന്റെ വശങ്ങളിലെ ജോലികളും വീടുകളിലേക്കുള്ള സ്ലോപ്പ് ക്രമീകരിക്കലും നടന്നുവരികയാണ്.
ഈ ആഴ്ച്ച് അവസാനത്തോടുകൂടി നിർമാണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും ഇതോടൊപ്പം അമ്പലക്കുളം-മംഗലത്ത് താഴം റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്നും കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ടി. വിനീത് അറിയിച്ചു.
District News
കൂത്താട്ടുകുളം : കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. കൂത്താട്ടുകുളം മാർക്കറ്റ് റോഡ് മുതൽ ഒലിയപ്പുറം വരെയുള്ള ഭാഗത്തെ കുഴികൾ താൽക്കാലികമായി അടയ്ക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽ വീണ അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നഗരസഭയും പിഡബ്ല്യുഡിയും സംയുക്തമായി കുഴിയടയ്ക്കൽ പുനരാരംഭിച്ചത്.
കൂത്താട്ടുകുളം - പാലാ റോഡിൽ നിന്നും നീക്കം ചെയ്ത ടാർ അടങ്ങിയ മിശ്രിതമാണ് റോഡിലെ കുഴികളിൽ നിക്ഷേപിക്കുന്നത്. മുൻപ് ഈ ഭാഗങ്ങളിൽ പാറപ്പൊടി മിശ്രിതം ഉപയോഗിച്ച് കുഴികൾ അടച്ചിരുന്നു ഇവ പൊടി ശല്യം ഉണ്ടാക്കുന്നു എന്ന ആക്ഷേപം തുടർന്നാണ് പഴയ ടാറിങ് മിശ്രിതം ഉപയോഗിച്ച് കുഴികൾ അടയ്ക്കുന്നത്. നിലവിൽ കൂത്താട്ടുകുളം - നടക്കാവ് ഹൈവേയുടെ റീ ടാറിങ്ങിനായി എംഎൽഎ അനൂപ് ജേക്കബിന്റെ ആവശ്യപ്രകാരം ബഡ്ജറ്റിൽ നാലു കോടി 32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ റ്റി.വിനീത്, നഗരസഭ ചെയർപേഴ്സൺ കലാ രാജു, നഗരസഭ കൗൺസിലർമാരായ സിബി കൊട്ടാരം, പി.സി.ഭാസ്കരൻ, കേരള കോൺഗ്രസ് ജേക്കബിലെ എം.എ. ഷാജി എന്നിവരുടെ മേൽനോട്ടത്തിലാണ് കുഴി അടയ്ക്കുന്ന ജോലികൾ നടന്നുവരുന്നത്.
Kerala
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ ഭരണം പിടിച്ച് യുഡിഎഫ്. നഗരസഭാധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കലാ രാജു 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾക്കാണ് വിജയിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
ഏറെനാളായി സിപിഎമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാട്ടത്തിനിറങ്ങിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് നഗരസഭയില്‍ വീണ്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്.
ഈ മാസം അഞ്ചിന് നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു.
അന്ന് സിപിഎം വിമതയായിരുന്ന കല രാജു യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.
കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ 2025 ജനുവരി 18 നാണ് പരസ്യ പോരിലേക്ക് കടന്നത്. അന്ന് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും കൗണ്‍സിലര്‍ കലാ രാജുവിനെ നടുറോഡില്‍ നിന്ന് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു.
യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോകല്‍ നടത്തിയത്. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയായിരുന്നു ആ തട്ടിക്കൊണ്ടുപോകല്‍. പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സംഭവത്തില്‍ പിന്നീട് കലാ രാജുവും സിപിഎം നേതൃത്വവും പരസ്യമായി ഏറ്റുമുട്ടുന്നതിനാണ് കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്.
പരസ്യ പോരിനൊടുവില്‍ ഫെബ്രുവരി ആദ്യം ഇനി സിപിഎമ്മിലേക്കില്ലെന്ന് കലാ രാജു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ മാസം അഞ്ചിന് യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നതും സിപിഎമ്മിന് ഭരണം നഷ്ടമായതും.
Kerala
കൊച്ചി: അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയില്‍ ഇന്ന് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും.
സിപിഎം അംഗമായി വിജയിച്ച ശേഷം കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് ഒപ്പം നിന്ന സ്വതന്ത്ര കൗണ്‍സിലര്‍ പി.ജി. സുനില്‍കുമാറാണ് വൈസ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഏറെനാളായി സിപിഎമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാടുന്നത്. അതുകൊണ്ടുതന്നെ കലാ രാജുവിന്റെ പ്രതികാരം വിജയിക്കുമോയെന്നറിയാനായി ഏവരും ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇരുവരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് നഗരസഭയില്‍ വീണ്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം അഞ്ചിന് നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു.
അന്ന് സിപിഎം വിമതയായിരുന്ന കല രാജു യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.
കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ 2025 ജനുവരി 18 നാണ് പരസ്യ പോരിലേക്ക് കടന്നത്. അന്ന് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും കൗണ്‍സിലര്‍ കലാ രാജുവിനെ നടുറോഡില്‍ നിന്ന് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു.
യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോകല്‍ നടത്തിയത്. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയായിരുന്നു ആ തട്ടിക്കൊണ്ടുപോകല്‍. പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സംഭവത്തില്‍ പിന്നീട് കലാ രാജുവും സിപിഎം നേതൃത്വവും പരസ്യമായി ഏറ്റുമുട്ടുന്നതിനാണ് കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്.
പരസ്യ പോരിനൊടുവില്‍ ഫെബ്രുവരി ആദ്യം ഇനി സിപിഎമ്മിലേക്കില്ലെന്ന് കലാ രാജു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ മാസം അഞ്ചിന് യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നതും സിപിഎമ്മിന് ഭരണം നഷ്ടമായതും.