കൊച്ചി: ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം അനധികൃതമായി നിര്‍ത്തിയിട്ട ലോറിയില്‍ വാന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പുലര്‍ച്ചെ മൂന്നോടെ മീന്‍ കയറ്റിയ വാന്‍ ഇടിച്ചു കയറുകയായിരുന്നു. മീന്‍ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകന് ഷെഫീഖ് (42) ആണ് മരിച്ചത്.
വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചതായാണ് വിവരം. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെഫീഖിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കള്‍: അല്‍ഫിയ, ആദില, ആസിഫ്.
ഇതേ സ്ഥലത്ത് വ്യാഴാഴ്ച വൈകുന്നേരം 4.45 ഓടെയുണ്ടായ അപകടത്തില്‍ കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചായിരുന്നു അപകടം.
കാറോടിച്ചിരുന്ന തൃശൂര്‍ വയലത്തൂര്‍ കാളിയത്ത് വീട്ടില്‍ മുഹമ്മദ് നിസാം (24), അന്യസംസ്ഥാന തൊഴിലാളികളായ സന്ജിബ് ഹര്‍ദിക് (30), നബാസ് സൗള്‍ (30), റാസ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നബാസ് സൗളിന്റെ നില ഗുരുതരമാണ്. ഇവര്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാര്‍ക്കിംഗ് നിരോധനമുള്ള കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം കണ്ടെയ്നര്‍ ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവ് കാഴ്ച്ചയാണ്. ഇതിന് മുമ്പും ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു യുവതിയുള്‍പ്പെടെ ഒന്നിലധികമാളുകള്‍ക്ക് ജീവഹാനിയുമുണ്ടായിട്ടുണ്ട്.