പനങ്ങാട്: തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി കുമ്പളം പഞ്ചായത്ത് നിവാസികൾ. പഞ്ചായത്തിലെ 14 -ാം വാർഡിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. പുതിയ പാലം ജെട്ടി, പി.വി. ശ്രീധരൻ റോഡ്, ചിറ്റയിൽ റോഡ് എന്നിവിടങ്ങളിലാണ് നായ്ക്കൾ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് സ്വൈര്യ വിഹാരം നടത്തുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും റോഡിലിറങ്ങാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് വാഹനം മറിഞ്ഞ് വീണ് ഒരാൾക്ക് പരുക്കേറ്റിരുന്നു. ഇവിടെ പാലത്തിന്റെ ഒഴിഞ്ഞ ഭാഗത്ത് കാറ്ററിംഗുകാരുടെയും മറ്റും ഭക്ഷണാവശിഷ്ടം തള്ളുകയാണെന്ന് പറയുന്നു. ഇത് മൂലം പ്രദേശത്തുള്ള തെരുവ് നായകളെല്ലാം ഈ ഭാഗത്ത് കേന്ദ്രീകരിക്കുന്ന സ്ഥിതിയാണ്. വിഷയത്തിൽ പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചിറ്റയിൽ റോഡ് റസിഡന്റ്സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.
Tags : Nattuvishesham Districtnews Kumbalam