തൃശൂർ: ജില്ലയിൽ ഒഴിയാതെ പനിബാധ. കാലാവസ്ഥയിലെ മാറ്റങ്ങൾക്കിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3,867 പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്. പ്രതിദിനം ശരാശരി 500 പേർ പനി ബാധിച്ച് ആശുപത്രികളിലെത്തുന്നുണ്ട്. കഴിഞ്ഞ 27, 30 തീയതികളിൽ പനിബാധിതരുടെ എണ്ണം 600 കടന്നു.
അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 41 മാത്രമാണ്. അഡ്മിഷൻ നിരക്ക് കുറഞ്ഞത് ആശ്വാസകരമാണ്. ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 63 പേരിൽ 53 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 30നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് 16 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഒന്നിന് 13 കേസുകൾ റിപ്പോർട്ട് ചെയ്തു.
ചാലക്കുടി(11), തൃശൂർ കോ ർപറേഷൻ പരിധി (10) എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കി കേസുകൾ. അഞ്ച് എലിപ്പനി കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 14 ഇൻഫ്ലുവൻസ കേസുകളും ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ തേടാതെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പരിശോധനയും ചികിത്സയും തേടണമെന്നാണ് വിദഗ്ധരുടെ നിർദേശം.
Tags :