കരിയന്നൂരിൽ സാമൂഹ്യവിരുദ്ധർ സോളാർ വേലി നശിപ്പിച്ച പാടശേഖരവും വാഴത്തോട്ടവും.
എരുമപ്പെട്ടി: കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ സാമൂഹികവിരുദ്ധരുടെ ശല്യവുംമൂലം പൊറുതിമുട്ടിയിരിക്കുകയാണ് കരിയന്നൂർ പാടശേഖരത്തിലെ കർഷകർ.
പന്നിശല്യം തടയുന്നതിന് സ്ഥാപിച്ച സോളാർ വൈദ്യുതി വേലികൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. വർധിച്ച പരിപാലന ചെലവും കുറഞ്ഞ വിളവും കൃഷിനാശവും കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കൃഷിയിടങ്ങളിൽ കാട്ടുപന്നികളു ശല്യവും അതിരൂക്ഷമാകുന്നത്.
വാഴക്കൃഷികളും നെൽകൃഷികളും വലിയതോതിൽ പന്നികൾ നശിപ്പിക്കുന്നത് പതിവായതിനെ തുടർന്ന് പന്നികളെ തടയുന്നതിനുവേണ്ടി കർഷകർ കൃഷിയിടങ്ങളിൽ അരലക്ഷംരൂപയോളം ചെലവഴിച്ച് സോളാർ വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ പാടശേഖരത്തിൽ മദ്യപിക്കാൻ എത്തുന്ന സാമൂഹികവിരുദ്ധർ സോളാർ സംവിധാനവും കമ്പിവേലികളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കരിയന്നൂർ കണ്ടമ്പുള്ളി സുരേഷിന്റെ കൃഷിയിടത്തിലെ സോളാർ സംവിധാനമാണ് കഴിഞ്ഞദിവസം സാമൂഹികവിരുദ്ധർ നശിപ്പിച്ചത്.
സുരേഷിന്റെ തോട്ടത്തിലെ 100 വാഴകൾ ദിവസങ്ങൾക്കുമുമ്പ് പന്നികൾ നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് 40,000 രൂപ ചെലവഴിച്ച് സോളാർ വൈദ്യുതി വേലി സ്ഥാപിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ കർഷകർക്ക് വലിയ നഷ്ടങ്ങൾ വരുത്തുന്നുണ്ടെന്നും ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ തയാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Tags :