തകര്‍ന്നുകിടക്കുന്ന നായാട്ടുകുണ്ട് റോഡ്.
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര - നായാട്ടുകുണ്ട് റോഡില്‍ പലയിടത്തും ടാറിംഗ് ഇളകി കുഴികളായതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമായി. വെള്ളിക്കുളങ്ങരയിലേക്കെത്താന് തോട്ടം തൊഴിലാളികളും മലയോര കര്‍ഷകരും ആശ്രയിക്കുന്ന ഏക റോഡാണിത്. മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെള്ളിക്കുളങ്ങര - പാലപ്പിള്ളി റോഡിന്റെ ഭാഗമാണ് നായാട്ടുകുണ്ട് റോഡ് . ഈ റോഡില്‍ നായാട്ടുകുണ്ട് ഇറക്കത്ത് ടാറിംഗ് പൂര്‍ണമായും ഇളകിപ്പോയ നിലയിലാണ്. കുത്തനെയുള്ള ഇറക്കവും വളവും ഉള്ള ഈ ഭാഗത്ത് ടാറിംഗ് ഇളകിയതോടെ അപകടങ്ങള്‍ നിത്യസംഭവമായിട്ടുണ്ട്.
പാലപ്പിള്ളി, കുണ്ടായി, മുപ്ലി, ചൊക്കന, നായാട്ടുകുണ്ട് പ്രദേശങ്ങളിലുള്ളവര്‍ക്ക് വെള്ളിക്കുളങ്ങരയിലേക്ക് എത്താനുള്ള ഏക മാര്‍ഗമായ ഈ റോഡ് പൂര്‍ണതോതില്‍ ടാറിംഗ് നടന്നിട്ട് 20 വര്‍ഷത്തോളമായി. നിര്‍ദിഷ്ട മലയോര ഹൈവേയുടെ നിര്‍മാണം നടക്കേണ്ടത് ഈ റോഡിലൂടെയായതാണു റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോയത്. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ എങ്ങുമെത്താത്തതിനാല്‍ ഇതുവഴിയുള്ള മലയോര ഹൈവേയുടെ നിര്‍മാണം അനിശ്ചിതത്വത്തിലാണ്. മലയോരഹൈവേ വരുമെന്നു പറഞ്ഞ് ശോച്യാവസ്ഥയിലുള്ള റോഡിന്റെ അറ്റകുറ്റ പ്പണി നീട്ടികൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് റോഡിന്റെ ടാറിംഗിനായി 18 ലക്ഷം രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതായും ഡിസംബറോടെ പണിനടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പഞ്ചായത്ത് മെംബര്‍ പറഞ്ഞു.
വെള്ളിക്കുളങ്ങര -നായാട്ടുകുണ്ട് റോഡില്‍ പലയിടത്തും റോഡരിക് ഇടിഞ്ഞ നിലയിലാണ്. കാല്‍നട പോലും അസാധ്യമായ തോതില്‍ റോഡ് ശോച്യാവസ്ഥയിലായതോടെ വെള്ളിക്കുളങ്ങര - ചൊക്കന - പാലപ്പിള്ളി റൂട്ടിലെ ബസ് സര്‍വീസുകള്‍ പലതും ഓട്ടം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ജനങ്ങളുടെ യാത്രാദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കി നല്‍കണമെന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ആവശ്യം.
Tags :