പാടശേഖരത്തില്‍ ഞാറ് നടുന്ന വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാര്‍ഥികളും സിസ്റ്ററും.
വെള്ളാനി: കൃഷിയുടെ പാഠങ്ങള്‍ പാഠപുസ്തകത്തില്‍ മാത്രം പഠിക്കാതെ നേരിട്ട് പാടത്തിറങ്ങി അനുഭവിച്ചറിഞ്ഞ് വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. പത്താം ക്ലാ സ്, പ്ലസ് വണ്‍ ക്ലാസുകളിലെ 76 വിദ്യാര്‍ഥികളാണ് നെല്‍കൃഷിയുടെ പ്രായോഗിക പാഠവുമായി പാടത്തിറങ്ങിയത്.
വെള്ളാനി ജിബി മാളിയേക്കലിന്റെ പാടശേഖരത്തിലാണു വിദ്യാര്‍ഥികള്‍ നെല്‍വിത്ത് വിതച്ചത്. കൃഷിഭവനില്‍നിന്ന് ലഭിച്ച ഉമ ഇനം നെല്‍വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുവിതയ്ക്കല്‍ മുതല്‍ നെല്ല് വിളവെടുക്കുന്നതുവരെയുള്ള കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിച്ചത്. 110 ദിവസത്തിനുശേഷം നെല്ല് കൊയ്യാനാകും.
കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മൂല്യവും പുതുതലമുറയ്ക്ക് മനസിലാക്കുന്നതിനൊപ്പം കാര്‍ഷിക മേഖലയോടുള്ള താല്പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി, അക്കാദമിക് ഡീന്‍ സജിത്ത്, ആറ് അധ്യാപകർ എന്നിവർ വിദ്യാര്‍ഥികള്‍ക്കൊപ്പം പാടത്തെത്തി.
ഞാറ് നടീലിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കു കൃഷിരീതികളെക്കുറിച്ചും നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അധ്യാപകരുടെയും ജിബി മാളിയേക്കലിന്റെയും നേതൃത്വത്തില്‍ വിശദീകരണം നല്കി. പാഠപുസ്തകത്തിലെ കൃഷിയുടെ അറിവ് മണ്ണിലേക്കിറക്കി പ്രായോഗികമാക്കിയ വിദ്യാര്‍ഥികളുടെ അനുഭവം കൗതുകവും ആവേശവും പകരുന്നതായിരുന്നു.
Tags :