Kerala
തൃശൂര്: കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില് നാലു പേർ അറസ്റ്റിൽ. കുന്നംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോട്ടപ്പടി സ്വദേശി അദീബ് (28), ആര്ത്താറ്റ് സ്വദേശി നിധിന് (29) ആര്ത്താറ്റ് താമരശേരി സ്വദേശി സജിത്ത് (30), കുന്നംകുളം നെഹ്റൂ നഗര് സ്വദേശി ഗൗരവ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദീബിനെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില് അന്വേഷിച്ചു ചെന്നപ്പോഴാണ് ആനായ്ക്കലില് പോലീസിനുനേരെ അക്രമം ഉണ്ടായത്. സംഭവത്തില് രണ്ട് പോലീസുകാര്ക്ക് പരുക്കേറ്റിരുന്നു.
പോലീസിനെ ആക്രമിക്കാന് ശ്രമിച്ച സംഭവത്തില് ആകെ 10 പേര്ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ബാക്കി പ്രതികള്ക്കായുള്ള അന്വേഷണം ഊര്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Sports
ആലപ്പുഴ: മൂന്നാമത് ജോണ്സ് അംബ്രല്ല ഓള് കേരള ഇന്റര് സ്കൂള് ബാസ്കറ്റ്ബോള് കിരീടം കോഴിക്കോട് പ്രൊവിഡന്സിനും ഗവ. വിഎച്ച്എസ്എസ് കുന്നംകുളത്തിനും.
പെണ്കുട്ടികളുടെ ഫൈനലില് പ്രൊവിഡന്സ് എച്ച്എസ്എസ് 47-44ന് കോട്ടയം മൗണ്ട് കാര്മല് എച്ച്എസ്എസിനെ കീഴടക്കി.
ആണ്കുട്ടികളുടെ ഫൈനലില് കോട്ടയം ഗിരിദീപം ബഥനിയെ തോല്പ്പിച്ചായിരുന്നു കുന്നംകുളം വൊക്കേഷണല് എച്ച്എസ്എസിന്റെ ട്രോഫി നേട്ടം. സ്കോര്: 75-50.
Kerala
തൃശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചെമ്മണ്ണൂർ പാനപറമ്പ് മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (25) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ആറോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രമുഖ ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുകേഷെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിന് അച്ഛനെ മകൻ ക്രൂരമായി മർദിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്.
വിദ്യാർഥികൾക്കടക്കം ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. സംഭവത്തിൽ മകനെതിരെ പോലീസിൽ പരാതി നൽകി.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ മുൻപും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ജോബി ലഹരി കച്ചവടം നടത്തുന്നതിനിടെ സൈമൺ എതിർത്തു. പിന്നാലെയാണ് അച്ഛനെ മകൻ ക്രൂരമർദനത്തിന് ഇരയാക്കിയത്.
മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമൺ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മകനെതിരെ സൈമൺ കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
തൃശൂർ: കുക്കറിലെ തിളപ്പിച്ച ചോറിൽ കഞ്ചാവ് ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) ആണ് അറസ്റ്റിലായത്.
400 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അന്വേഷണത്തിൽ പ്രതിക്ക് രണ്ടു കേസുകളുണ്ടെന്നു വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും എതിരേ കത്തിവീശിയ സംഭവത്തിലെ പ്രതിയാണ് ബിനീഷ്
കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അന്വേഷണസംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു.
പരിശോധനയ്ക്കിടെ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചു. കഞ്ചാവിന്റെ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി. കുക്കർ പരിശോധിച്ചപ്പോൾ അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തി.
കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത് സോമൻ, ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷ് എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
Kerala
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറോടെ കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയില് സെന്റ് ജോർജ് പള്ളിക്ക് മുന്നിലായിരുന്നു നടുക്കുന്ന സംഭവം. കാർ പൂർണമായി കത്തിനശിച്ചു.
അപകടം നടക്കുമ്പോൾ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി.
കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ തീ പടരുകയായിരുന്നു
തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ ആളിപടർന്ന സാഹചര്യത്തിൽ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എ.സുജിത് പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് ആണ് സുജിത്.
കുന്നംകുളം പോലീസ് കസ്റ്റഡി മർദനം പുറത്തുവന്നതിലൂടെ സുജിത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Kerala
തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ ദേവി വിഗ്രഹം മോഷണം പോയി. ഓഫീസ് അലമാരകൾ കുത്തിത്തുറന്നാണ് വിഗ്രഹം മോഷ്ടിച്ചത്.
ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: കേച്ചേരിയിൽ നിർത്തിയിട്ട ഓട്ടോ-ടാക്സി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇയ്യാൽ ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) ആണ് അറസ്റ്റിലായത്. കുന്നംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എയ്യാൽ സ്വദേശി ഒലക്കേങ്കിൽ വീട്ടിൽ വർഗീസിന്റെ (70) ഓട്ടോ-ടാക്സിയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ ടാക്സി പാർക്ക് ചെയ്തതിനുശേഷം സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് സമീപ സ്റ്റേഷനുകളിലേക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി തിച്ചൂരിൽ ഓട്ടോ ടാക്സിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
Kerala
തൃശൂര്: വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ. തിരൂര് പെരിന്തല്ലൂര് സ്വദേശി റാഷിദ്(25) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.
മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് റാഷിദ് തട്ടിപ്പിനിരയാക്കിയത്. പരാതിക്കാരന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവിന് വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു പ്രതിയുടെ തട്ടിപ്പ്.
ഇതിനായി ഏതാനും പേപ്പറുകളില് ഒപ്പുവാങ്ങി സ്വര്ണവും ഫോണും കൈക്കലാക്കുകയായിരുന്നു. എന്നാൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളത്ത് നിന്നാണ് റാഷിദ് പിടിയിലായത്.
Kerala
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ഇര വി.എസ്.സുജിത്ത് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. 2023 ഏപ്രിലിലാണ് കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത് കോൺഗ്രസ് നേതാവായ സുജിത്തിന് മര്ദനമേറ്റത്.
തന്റെ സുഹൃത്തുക്കളെ പോലീസ് മർദിച്ചത് സുജിത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത സുജിത്തിനെ എസ്ഐ നുഹ്മാന്റെ നേതൃത്വത്തിലുള്ള പോലീസുകാർ ക്രൂരമായി മർദിക്കുകയായിരുന്നു. രണ്ട് വര്ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് മര്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുകൊണ്ടുവരാന് സുജിത്തിന് കഴിഞ്ഞത്.
സംഭവം വലിയ വാര്ത്തയും ചര്ച്ചയുമായതിനെ തുടര്ന്ന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തിരുന്നു. ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും സുജിത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.