കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മോട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്തോടെയാണ് നിട്ടൂർ മോട്ടന്തറ ഭാഗത്ത് അക്രമ സംഭവം നടന്നത്. സ്കൂട്ടറിലെത്തിയ ആറംഗ സംഘം തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വ്യക്തമാക്കി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരു യുവാവായ അശ്വിൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ മുഖ്യപ്രതിയായ നാദാപുരം ചേലക്കാട് സ്വദേശി മലയിൽ ശ്രീജിത്തിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.