Kerala
കൊച്ചി: ന്യൂനപക്ഷ വോട്ടുകള് ഭിന്നിപ്പിച്ച് യുഡിഎഫിനെ തോല്പ്പിക്കാന് ലക്ഷ്യമിട്ടു സിപിഎമ്മും എസ്ഡിപിഐയുമായി ഡീല് ആരോപിച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന് പള്ളിക്കല് പാർട്ടി വിട്ടു.
പാര്ട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളില് സ്ഥാനാര്ഥികളെ നിര്ത്താതെ വോട്ട് തീരെ കുറവുള്ള മണ്ഡലങ്ങളില് പാര്ട്ടി സ്ഥാനാര്ഥികളെ നിര്ത്തിയതുവഴി ന്യൂനപക്ഷ വോട്ടുകളില് ഭിന്നിപ്പുണ്ടാക്കി എല്ഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില് ആരോപിച്ചു.
മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളില് മുസ്ലിം വോട്ട് ഭിന്നിപ്പിച്ച് യുഡിഎഫിനെ തോല്പ്പിക്കാനാണു എസ്ഡിപിഐ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
National
കോൽക്കത്ത: ബംഗാൾ സിപിഎം നേതാവ് പ്രതീക് ഉർ റഹ്മാൻ പാർട്ടിയിൽനിന്നു രാജിവച്ചു. പാർട്ടി സംസ്ഥാന സമിതിയംഗമാണ് പ്രതീക് ഉർ റഹ്മാൻ.
ചില വിഷയങ്ങളിൽ സിപിഎമ്മിന്റെ നയങ്ങളോട് ഒത്തുപോകാൻ കഴിയില്ലെന്ന് റഹ്മാൻ പറഞ്ഞു. റഹ്മാന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം ഭാരവാഹി പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരേ റഹ്മാൻ സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന നേതാവാണ് റഹ്മാൻ.
Kerala
കൊല്ലം: ഇടത് നിരീക്ഷകനായ അഡ്വ. ബി.എൻ. ഹസ്കർ സിപിഎം വിട്ടു. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. ഇന്ന് ഹസ്കർ ആർഎസ്പിയിൽ ചേരും.
സിപിഎമ്മിന്റെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹസ്കർ അറിയിച്ചു. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് ഹസ്കറിനെ സിപിഎം താക്കീത് ചെയ്തിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്നായിരുന്നു മുന്നറിയിപ്പ്.
അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്. ഹസ്കറിന് ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഎം പറയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്നായിരുന്നു ഹസ്കർ യോഗത്തിൽ മറുപടി നൽകിയത്.