ഫ്രാങ്ക്ഫർട്ട് / പാരീസ്: യൂറോപ്പിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഫ്രാൻസിലെ രൂക്ഷമായ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളെത്തുടർന്ന് യൂറോ കറൻസിക്ക് വൻ തകർച്ച.
കഴിഞ്ഞ 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് യൂറോ കൂപ്പുകുത്തിയത്. ഫ്രാൻസിലെ വർധിച്ചുവരുന്ന കടബാധ്യതകളും ബജറ്റ് പ്രതിസന്ധിയും യൂറോസോണിൽ പുതിയൊരു കടപ്രതിസന്ധിക്ക് വഴിതുറക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര ധനവിപണി.
യൂറോയുടെ മൂല്യത്തകർച്ച ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സാധാരണക്കാരുടെയും പ്രവാസികളുടെയും പോക്കറ്റിനെ നേരിട്ട് ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
സാധാരണക്കാരെ എങ്ങനെ ബാധിക്കും?
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ വ്യാപാരം നടക്കുന്നത് യുഎസ് ഡോളറിലാണ്. ഡോളറിനെതിരെ യൂറോ ദുർബലമാകുന്നതോടെ എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരും. ഇത് പെട്രോൾ, ഡീസൽ പമ്പുകളിലും വീടുകളിലെ ഹീറ്റിംഗ് ഓയിൽ നിരക്കുകളിലും പ്രതിഫലിക്കും.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്കെല്ലാം വില വർധിക്കാൻ യൂറോയുടെ മൂല്യത്തകർച്ച കാരണമാകും.
നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേരിയ ഗുണം: യൂറോയുടെ മൂല്യം ഡോളറിനെതിരെ ഇടിയുന്നുണ്ടെങ്കിലും, രൂപയുമായുള്ള വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് താൽക്കാലികമായി അല്പം ഉയർന്ന നിരക്ക് നൽകിയേക്കാം. എങ്കിലും യൂറോപ്പിലെ ജീവിതച്ചെലവ് ഉയരുന്നത് ഈ നേട്ടത്തെ ഇല്ലാതാക്കും.
ഫ്രാൻസിൽ സംഭവിക്കുന്നത് എന്ത്?
ഫ്രഞ്ച് സർക്കാരിന്റെ വൻതോതിലുള്ള കടബാധ്യതകളും ബജറ്റ് കമ്മി നികത്താനുള്ള നടപടികൾ പാതിവഴിയിൽ തടസപ്പെട്ടതുമാണ് യൂറോപ്യൻ വിപണികളെ ഉലച്ചിരിക്കുന്നത്.
നിക്ഷേപകർ ഫ്രഞ്ച് കടപ്പത്രങ്ങളിൽ നിന്നുള്ള വിശ്വാസം നഷ്ടപ്പെട്ട് പണം പിൻവലിക്കാൻ തുടങ്ങിയതോടെ യൂറോപ്യൻ സെൻട്രൽ ബാങ്കും കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.
സാമ്പത്തിക അരക്ഷിതാവസ്ഥ തുടർന്നാൽ യൂറോസോണിലെ മറ്റ് രാജ്യങ്ങളിലേക്കും പ്രതിസന്ധി പടരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെയാണ് യൂറോപ്യൻ യൂണിയൻ നേതൃത്വം വീക്ഷിക്കുന്നത്.