കേരള ഹൈക്കോടതി
കൊച്ചി: സഹ അപേക്ഷകരായ മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോര്‍ കുറവാണെങ്കില്‍ മക്കള്‍ക്ക് ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നതില്‍ തെറ്റില്ലെന്നു ഹൈക്കോടതി.
2005ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നും ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കീം വ്യക്തമാക്കി.
മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതു ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹർജികള്‍ തള്ളിയാണ് കോടതിനിരീക്ഷണം. വായ്പാതിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ബാങ്കുകള്‍ക്ക് ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര്‍ എഡ്യുക്കേഷണല്‍ ലോണ്‍ സ്കീം തയാറാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്‍ദേശിക്കുന്നില്ല.
വായ്പയ്ക്കു ബാങ്കുകള്‍ക്ക് തനതായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാവുന്നതാണ്. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത് സ്വാഭാവികനടപടിയുമാണ്. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല.
ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ. വായ്പാനയം ഹർജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നടപടിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നിലവില്‍ വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തി നല്കുന്ന അപേക്ഷകള്‍ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags : KeralaHighCourt Denying EducationLoans CIBILScore low