ഇടുക്കി: ജില്ലയില്‍ ജല്‍ ജീവന് മിഷന്റെ ഭാഗമായി കുടിവെളള പൈപ്പ് സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാന്‍ തീരുമാനം.
ജല്‍ ജീവന് മിഷന് പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷന് പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി എഡിഎം എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൈപ്പ് ഇടുന്നതിനായി കുഴിച്ച റോഡുകളിലെ കുഴികളില്‍ വീണ് അപകടങ്ങളുണ്ടാകാന്‍ സാധ്യതയുളള സാഹചര്യത്തിലാണിത്.
കുഴിച്ച വകുപ്പുകള്‍തന്നെ അത് മൂടാന്‍ നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് കരാറുകാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്കി ജോലികള്‍ പൂര്‍ത്തീകരിക്കണം. കുഴിക്കുന്ന റോഡുകളില്‍ പൈപ്പിട്ട് ജോലികള്‍ പൂര്‍ത്തിയാക്കി കുഴികള്‍ മൂടിയശേഷം വേണം അടുത്ത ഭാഗം കുഴിക്കാന്‍. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
വാട്ടര്‍ അഥോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജല്‍ ജീവന് മിഷന്റെ നിര്‍വഹണ ഏജന്‍സികള്‍.
വാട്ടര്‍ അഥോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴില്‍ 25,509 കണക്ഷനുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 23,579 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13,859 കണക്ഷനുകള്‍ പൂര്‍ത്തിയായി. പൈനാവ് ഡിവിഷനില്‍ 28,381 കണക്ഷനുകള്‍ക്കാണ് അനുമതി. 18,970 കണക്ഷനുകള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 6,761 കണക്ഷനുകളാണ് പൂര്‍ത്തിയാക്കിയത്.
കട്ടപ്പന ഡിവിഷനില്‍ 1,79,829 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 1,70,309 കണക്ഷനുകളുടെ ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13,978 കണക്ഷനുകള്‍ പൂര്‍ത്തിയായി. കട്ടപ്പന പ്രോജക്ട് ഡിവിഷന്റെ പരിധിയില്‍ 22 ജലശുദ്ധീകരണശാലകളുടെ പ്രവൃത്തികളാണുള്ളത്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. 13 എണ്ണം ടെന്‍ഡര്‍ നടപടികളിലാണ്. ജലനിധിയുടെ കീഴില്‍ 3,946 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 3,602 കണക്ഷനുകള്‍ നല്കി. ഭൂജല വകുപ്പിനു കീഴില്‍ 621 കണക്ഷനുകള്‍ക്കാണ് സാങ്കേതികാനുമതി ലഭിച്ചത്. ഇതില്‍ 485 എണ്ണം പൂര്‍ത്തിയായി.
മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശുദ്ധീകരണം ഉറപ്പാക്കിയാണ് വാട്ടര്‍ അഥോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന കുടിവെള്ള വിതരണത്തില്‍ ക്ലോറിനേഷന് ഉറപ്പാക്കും. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പരിശോധന നടത്താനും യോഗം തീരുമാനിച്ചു.