ചെറുതോണി: കൗമാരക്കാരിയുടെ ചികിത്സയ്ക്കായി തുക കൈമാറി മുഖ്യമന്ത്രി വാക്കുപാലിച്ചു. ഒമാനിൽ ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ചുരുളി - ആൽപാറ തെങ്ങോട്ടുവിളയിൽ ബിനുവിന്റെയും ക്രിസ്റ്റീനയുടെയും മകൾ ഐറിന്റെ മുഴുവൻ ചികിത്സാ ചെലവും വഹിക്കുമെന്നു മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. 2026 ജൂലൈ 26ന് രാത്രി 12ന് എസിയിൽനിന്നു തീ പടർന്ന് പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട പത്തു വയസുകാരിയുടെ ചികിത്സയാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്.
ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നനുവദിച്ചത്. ഐറിൻ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന അഞ്ചുപേർക്കും പൊള്ളലേറ്റിരുന്നു. കൂടുതൽ പൊള്ളലേറ്റത് ഐറിനായിരുന്നു.
ഒമാനിൽ അഞ്ചുപേരുടെയും ചികിത്സയ്ക്കായി വൻ തുക ചെലവായെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഐറിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരണമെങ്കിൽ ഭീമമായ തുക വേണമെന്നു വന്നതോടെ ഇവരുടെ അയൽവാസിയും ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ബിനോയി വർക്കി ഇടപ്പെട്ട് ഈ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുമ്പിലെത്തിക്കുകയായിരുന്നു.
മുഖ്യമന്ത്രി രാജഗിരി ആശുപത്രിയിലെ ഡോക്ടറുമായി സംസാരിച്ചു. സർക്കാർ ചെലവിൽ ചികിത്സിക്കാമെന്നും ഇതിനെന്തെങ്കിലും തടസമുണ്ടായാൽ മുഴുവൻ തുകയും സ്വന്തം ചെലവിൽ വഹിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ മൂന്നു ലക്ഷം രൂപയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നനുവദിച്ചത്.