വാടാനപ്പിള്ളി: അർധരാത്രിയിൽ റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പ് തകർത്ത ദേശീയപാത കരാറുകാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
തൃത്തല്ലൂർ ഏഴാംകല്ലിൽ നിന്നുള്ള പുതിയ ദേശീയപാതയുടെ ബൈപ്പാസ് ക്രോസ് ചെയ്യുന്ന തൃത്തല്ലർ കിഴക്കേ ടിപ്പുസുൽത്തൻ റോഡാണ് അർധരാത്രി ഒരു മുന്നറിയിപ്പുമില്ലാതെ ദേശീയപാത 66 നിർമാണ കരാറുകമ്പനിക്കാർ ജെസിബികൾ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചത്.
ബസ് സർവിസുള്ള റോഡിലൂടെയാണ് ആശുപത്രി, സ്കൂൾ, റേഷൻകടകൾ, ബാങ്ക്, ആരാധനാലയങ്ങൾ, മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാരും പോയിരുന്നത്. രാവിലെ ഇതുവഴി പോയിരുന്നവരാണ് റോഡ് വെട്ടിപ്പൊളിച്ചത് കണ്ട് പകച്ചുനിന്നുപോയത്.
ജെസിബി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ചപ്പോൾ റോഡിന് അടിയിലൂടെ വലിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും പൊട്ടി കുടിവെള്ളം കുത്തിയൊഴുകുകയായിരുന്നു.
പൊതു പ്രവത്തകരായ കാദർ ചേലോട്, ജയതിലകൻ ചാളിപ്പാട്ട്, ഷാലി സുധീർ, സൈത് മുഹമ്മദ്, എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നു. പ്രശ്നം പരിഹരിക്കാമെന്ന കരാർ കമ്പനിയുടെയും, ഹൈവേ അതോറിറ്റിയുടെ പ്രതിനിധികൾ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സർവീസ് റോഡ് നിർമിച്ച് സഞ്ചാരയോഗ്യമാക്കിയതിനു ശേഷമേ ഈ ഭാഗത്തെ ബൈപ്പാസ് നിർമിക്കാൻ ടിപ്പു സുൽത്താൻ റോഡ് പൊളിക്കാവുവെന്ന് ചേർന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.കാദർ ചേലോട് അധ്യക്ഷത വഹിച്ചു. ജയതിലകൻ ചാളിപ്പാട്ട്, വാർഡ് അംഗം ഷാലി സുധീർ, സൈത് മുഹമ്മദ്, ആനന്തൻ തേറമ്പിൽ, ഷമീർഹംസ, വി.ഡി. രഘുനന്ദൻ, സുരേഷ് സുകു, സുനിൽ, ഓമന മധുസുദനൻ എന്നിവർ സംസാരിച്ചു.