ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയ്യുടെ ശവസംസ്കാര ചടങ്ങിന്റെ രണ്ടാം ദിവസവും ടെഹ്റാനിൽ തടിച്ചുകൂടിയത് ജനലക്ഷങ്ങൾ.
ഇന്നലെ നടന്ന ചടങ്ങിൽ ബാനറുകളും പതാകകളുമായി കറുത്ത വസ്ത്രം ധരിച്ചാണ് ആളുകളെത്തിയത്. പൊതുജനങ്ങൾക്ക് പരമോന്നത നേതാവിന്റെ ഭൗതികശരീരം കാണാൻ ഇന്നലെയാണ് സൗകര്യമൊരുക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കൊലപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും നഗരത്തിൽ എല്ലായിടത്തും നിരന്നു.
97 കാരനായ ഷിയാ പുരോഹിതൻ ആയത്തുള്ള ജാഫർ ശൊബാനി ഖമനയ്ക്കും കുടുംബാംഗങ്ങൾക്കുമായി ഗ്രാൻഡ് മൊസല്ലയിൽ പ്രാർഥന നടത്തി.
ഖമനയ്യുടെ മക്കളായ മസൂദ്, മെയ്സം, മുസ്തഫ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ അഹമ്മദ് വഹിദി, ഖുദ്സ് ഫോഴ്സിനെ നയിക്കുന്ന ഇസ്മായിൽ ഖനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
എന്നാൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ് പങ്കെടുത്തില്ല. വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുജ്തബ നിലവിൽ ഒളിവിലാണെന്നാണ് കരുതുന്നത്. അദ്ദേഹത്തെയും കൊലപ്പെടുത്തുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിരുന്നു.