പാറ്റ്ന: ബിഹാറിലെ ബക്സർ ജില്ലയിൽ 132 അടി ഉയരമുള്ള ടെലികോം ടവറും 15 കെവിഎ ജനറേറ്ററും കവർന്നു. റെയിൽവേ പാളം കവർന്നതിന് പിന്നാലെയാണ് വീണ്ടും വിചിത്രമായ മോഷണ വാർത്ത പുറത്തുവരുന്നത്.
പ്രവർത്തനരഹിതമായിരുന്ന മൊബൈൽ ടവർ അറ്റകുറ്റപ്പണികൾക്കായി ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ കന്പനി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. മൊബൈൽ ടവറിന് പുറമെ, അവിടെ സ്ഥാപിച്ചിരുന്ന 15 കെവിഎ ജനറേറ്ററും മറ്റ് സാങ്കേതിക ഉപകരണങ്ങളും നഷ്ടപ്പെട്ടു.
ജനവാസ മേഖലയായ ദുംറാവോണിൽ സ്ഥാപിച്ച ടവർ കാണാതായതിൽ പ്രദേശവാസികളുടെ അത്ഭുതപ്പെടുത്തി. കന്പനി പ്രതിനിധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
10 വർഷം മുന്പാണ് ടവർ സ്ഥാപിക്കാനുള്ള ഒപ്പിട്ടതെന്ന് ഭൂമിയുടമ ഹരേനാട് യാദാവ് പറഞ്ഞു. 2022 കരാർ അവസാനിച്ചുവെന്നും പിന്നീട് കന്പനി വാടക നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെ തുടർന്ന് പലതവണ കന്പനിക്ക് നോട്ടിസ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ലായിരുന്നു ബിഹാറിലെ സമസ്തിപുർ ജില്ലയിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് കവർന്നത്. ഈ കേസിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.