International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ ട്രംപിനെ പരിഹസിച്ച് ഇറാൻ. ആന്തരികസംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ട്രംപ് തന്നോടുതന്നെ ചർച്ച നടത്താൻ തുടങ്ങിയോ എന്ന് ഇറേനിയൻ സൈനിക വക്താവ് ഇബ്രാഹിം സൊൾഫഖാരി ചോദിച്ചു.
നിങ്ങളെപ്പോലുള്ളവരുമായി ഒത്തുപോകാൻ ഞങ്ങൾക്കു കഴിയില്ലെന്നും ഞങ്ങൾ നിങ്ങളുമായി ഒരിക്കലും കരാർ ഉണ്ടാക്കില്ലെന്നും സൊൾഫഖാരി കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക ഇറാന് 15 ഇന നിർദേശങ്ങൾ കൈമാറി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കൽ, ഹിസ്ബുള്ള പോലുള്ള സായുധ സംഘടനകൾക്കു സഹായം നിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ നിർദേശങ്ങളാണ് അമേരിക്ക കൈമാറിയതെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
15 ഇന നിർദേശങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രം ട്രംപ് ഭരണകൂടം ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കാൻ പദ്ധതിയിടുന്നതായി ചില ഇസ്രേലി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം തുടർന്നു. ഇസ്രയേലിലെ ടെൽ അവീവ്, കുവൈറ്റ്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി സൗദിയും കുവൈറ്റും അറിയിച്ചു. കുവൈറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലുടനീളം വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. നാവിക ക്രൂസ് മിസൈലുകൾ ഉത്പാദിപ്പിക്കുന്ന രണ്ടു കേന്ദ്രങ്ങൾ നശിപ്പിച്ചതായും കൂടിച്ചേർത്തു. എന്നാൽ പാർപ്പിടകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
National
ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ സീറ്റുചർച്ചകൾ ഡൽഹിയിൽ നടത്തിയതിനെ പരിഹസിച്ച് ഭരണകക്ഷിയായ ഡിഎംകെ രംഗത്ത്.
അണ്ണാ ഡിഎംകെയുടെ ചെന്നൈയിലെ ആസ്ഥാനം ഉൾപ്പെടെ പൂട്ടിയിടാൻ ഡിഎംകെ നേതാവും മന്ത്രിയുമായ കെ.എൻ. നെഹ്റു പരിഹാസരൂപേണ ആവശ്യപ്പെട്ടു.
സഖ്യത്തിന് നേതൃത്വം നൽകുന്ന തമിഴ്നാട് ആസ്ഥാനമായുള്ള പാർട്ടിക്ക് എങ്ങനെ ഡൽഹിയിൽ സീറ്റുവിഭജന ചർച്ചകൾ നടത്താൻ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണ ഏജൻസികൾ സമൻസ് അയ്ക്കുന്നപോലെ ആഭ്യന്തരമന്ത്രി അമിത്ഷാ അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ ഡൽഹിക്ക് വിളിപ്പിച്ചതാണെന്നും കെ.എൻ.നെഹ്റു പറഞ്ഞു.
തമിഴ്നാട്ടിൽ മുഖ്യപ്രതിപക്ഷമായ അണ്ണാ എഡിഎംകെയും ബിജെപിയും സംയുക്തമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
International
ടെഹ്റാൻ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ അമേരിക്ക, ഇപ്പോൾ അതേ രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി.
എക്സിലാണ് അരാഗ്ചി അമേരിക്കയുടെ നിലപാടുമാറ്റത്തെ പരിഹസിച്ചു രംഗത്തെത്തിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് അമേരിക്ക നിലപാടു തിരുത്തിയതെന്നും അരാഗ്ചി ആരോപിച്ചു.
"റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയുടെമേൽ മാസങ്ങളോളം അമേരിക്ക സമ്മർദം ചെലുത്തി. എന്നാൽ ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളോടു വൈറ്റ് ഹൗസ് അപേക്ഷിക്കുകയാണ്...' അരാഗ്ചി കുറിച്ചു.
റഷ്യക്കെതിരേ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്നു കരുതി ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെയും അരാഗ്ചി രൂക്ഷഭാഷയിൽ വിമർശിച്ചു.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കെഎസ്യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു.
നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
എ ഐ വന്നതോടെ
അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക്
കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ
മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്
എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം
നാടകം വളരട്ടെ!
National
മൈസൂർ: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷം തികയ്ക്കുമെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകില്ല. മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ അഞ്ചു വർഷം പൂർത്തിയാക്കും.
ഹൈക്കമാൻഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്നും കോൺഗ്രസ് എംഎൽസികൂടിയായ യതീന്ദ്ര പറഞ്ഞു. എന്നാൽ യതീന്ദ്രയുടെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.
“യതീന്ദ്രയാണ് ഹൈക്കമാൻഡ്. അദ്ദേഹം പറയുന്നത് വളരെ ബഹുമാനത്തോടെ സ്വീകരിക്കാം’’- ശിവകുമാർ പരിഹസിച്ചു.
യതീന്ദ്ര പറഞ്ഞാലത് ഹൈക്കമാൻഡ് പറയുന്നതുപോലെയാണ്. യതീന്ദ്രയെ ഹൈക്കമാൻഡായി അംഗീകരിക്കാം. യതീന്ദ്രയ്ക്കോ ബസവരാജിനോ മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.