തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ഇപ്പോൾ തന്നോട് സ്നേഹമാണെന്ന് മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം. മണി. ജയിലിൽ അടച്ചപ്പോഴും ഒമ്പത് മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കാണുന്നതെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു.
ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എന്ന് കോൺഗ്രസ് സമ്മതിച്ചത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. വികസനം എൽഡിഎഫിന് വോട്ടായി മാറുമെന്നും മണി പറഞ്ഞു. ജയചന്ദ്രനെ നിർത്തിയത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനായി തന്നെയാണെന്ന് ഉടുന്പൻചോല മണ്ഡലത്തിലെ വോട്ടർമാരോട് മണി പറഞ്ഞു.
നിങ്ങൾ 2021 ൽ എനിക്ക് നൽകിയ 38 ,305 ൽ അധികം ഭൂരിപക്ഷം ജയചന്ദ്രന് നൽകണം. 193 ബൂത്തിൽ 192 ബുത്തിൽ എനിക്ക് നിങ്ങൾ ലീഡ് നൽകി അനുഗ്രഹിച്ചു. ഇത്തവണ 193 ബുത്തിലും ലീഡ് നൽകി ജയചന്ദ്രനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് നമ്മുടെ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായം എല്ലാവരിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
എം.എം. മണി സ്ഥാനാർഥിയായിരുന്നെങ്കിൽ ഉടുമ്പൻചോലയിൽ എൽഡിഎഫ് ജയിച്ചേനേയെന്ന് ഫേസ്ബുക്കിൽ ഒരാൾ കമന്റിട്ടതിന് പിന്നാലെയാണ് എം.എം. മണിയുടെ പരിഹാസം.