കൊച്ചി: മെന്റലിസ്റ്റ് ആദി എന്ന ആദര്ശിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സോമ്നിയ എന്ന മെന്റലിസം പരിപാടിയുടെ മറവില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ വെള്ളിയാഴ്ചയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ആദിക്കെതിരെ കേസ് എടുത്തത്. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ആദി നാട്ടില്‍ തിരിച്ചെത്തിയാല്‍ പോലീസിന് മുന്നില്‍ ഹാജരാകും.
ഇന്‍സോമ്നിയയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയും മൂന്നിലൊന്ന് ലാഭവിഹിതവും തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് എന്നാണ് എഫ്ഐആര്‍. പരാതിക്കാരനായ വ്യവസായി ബെന്നി വാഴപ്പിള്ളിയുടെ ഇടപള്ളിയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപ കൈമാറിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് ആരോപണം.
ഇന്‍സോമ്നിയ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ മിഥുന്, അരുണ്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. പരിപാടിയുടെ സംവിധായകനായ ജിസ് ജോയ് ആണ് നാലാം പ്രതി. ഇന്‍സോമ്നിയ എന്ന മെന്റലിസം പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപത്തുകയും മൂന്നിലൊന്ന് ലാഭവിവിഹിതവും തരാമെന്ന് വ്യവസായിയോട് ആദിയും മറ്റ് മൂന്ന് പ്രതികളും വാഗ്ദാനം ചെയ്തിരുന്നു.
ബെന്നി വാഴപ്പിള്ളിയുടെ കണ്ണൂര്‍ പൈസക്കരിയിലുള്ള ചന്ദനക്കാംപാറ കാനറ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്നും ജൂലൈ 3ന് 23 ലക്ഷം രൂപയും ജൂലൈ 7ന് വ്യവസായിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും 12 ലക്ഷം രൂപയുമാണ് ആദിയുടെ ഇടപള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്.
പിന്നീട് പണം തിരികെ ചോദിച്ച വ്യവസായിയെ ആദിയും മറ്റ് മൂന്ന് പ്രതികളും പരിഹസിക്കുകയായിരുന്നു. ലാഭവിഹിതം തരാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഇത് നല്‍കിയില്ല.