പീരുമേട്: പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിൽ നിർമാണം പൂർത്തിയായിവന്ന നാലുനില കെട്ടിടമാണ് ഇന്നലെ പുലർച്ചെ തകർന്നുവീണത്.
അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ തൊഴിലാളികളോ മറ്റാരെങ്കിലുമോ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടവും റോഡും തമ്മിലുള്ള വിടവ് നികത്തുന്നതിനായി കെട്ടിടത്തിനു സമീപം വലിയ തോതിൽ മണ്ണ് നിറച്ചിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്തതോടെ മണ്ണ് വിടവിനുള്ളിലേക്ക് താഴ്ന്ന് ഉണ്ടായ സമ്മർദവും കെട്ടിടത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയവും ഉണ്ടായി കെട്ടിടം തകർന്നുവീഴുകയായിരുന്നു.
കെട്ടിടം തകർന്ന വിവരം അറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും ഉടൻതന്നെ സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. കെട്ടിടം നിർമിക്കുന്നതിനുള്ള സാങ്കേതികാനുമതി സംബന്ധിച്ചും ദുരൂഹതയുണ്ട്.