ചാവക്കാട്: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇന്നു ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ചാക്കോ വധക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് മാപ്പുസാക്ഷിയായി ഒടുവിൽ നിരപരാധിയെന്നുകണ്ട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത ചാവക്കാട് സ്വദേശി ഷാഹു. കുറുപ്പിന് ഇപ്പോൾ 88നു മുകളിൽ പ്രായമുണ്ടാകും. അയാൾ മരിച്ചിരിക്കാനാണു സാധ്യതയെന്നും ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സ്വദേശിയും ഇപ്പോൾ എടക്കഴിയൂരിൽ താമസക്കാരനുമായ ഷാഹു പറയുന്നു.
ആദ്യകാലത്ത് കേസുമായി ബന്ധപ്പെട്ട് മാവേലിക്കരയിൽ പോകുന്പോൾ സുകുമാരക്കുറുപ്പ് വടക്കേ ഇന്ത്യയിൽ എവിടെയോ ഉണ്ടെന്നു തന്നോടു പറഞ്ഞിരുന്ന ബന്ധുക്കൾ പിന്നീടു പറഞ്ഞത് ഒരു വിവരവുമില്ലെന്നാണ്. തന്റെ ജീവിതം തകർത്ത കുറുപ്പിനെ നേരിൽക്കണ്ടാൽ മുഖത്ത് കാറിത്തുപ്പുമെന്നും ഷാഹു പറയുന്നു. കോടതി നിരപരാധിയെന്നു കണ്ടെത്തി വിട്ടയച്ചെങ്കിലും കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ താൻ ഇപ്പോഴും എൻഎച്ച് (കൊലപാതകം നടന്ന ദേശീയപാത) ഷാഹുവാണ്.
അന്നത്തെ സംഭവം ഷാഹു പറയുന്നു:
അബുദാബിയിൽ സുകുമാരക്കുറുപ്പ് ജോലി ചെയ്തിരുന്ന ഓഫീസിലെ പ്യൂണായിരുന്നു ഞാൻ. കുടുംബമായി താമസിച്ചിരുന്ന കുറുപ്പിന്റെ വീട്ടിൽ ഇടയ്ക്കു പോയിരുന്നതുകൊണ്ട് വലിയ അടുപ്പമായിരുന്നു. അന്ന് കുറുപ്പ് നാട്ടിൽ പോയപ്പോൾ ആവശ്യപ്പെടാതെതന്നെ ലീവ് അനുവദിപ്പിച്ച് എന്നെയും ഒപ്പം കൂട്ടി. തിരുവനന്തപുരത്തു വിമാനമിറങ്ങി കുറുപ്പിന്റെ വീട്ടിലേക്കു കൊണ്ടുപോയി.
ചാക്കോയെ കാറിലിട്ട് കൊലപ്പെടുത്തിയശേഷം കുളിമുറിയിൽവച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുന്പോൾ ഞാൻ അറിയാതെ നിലവിളിച്ചുപോയി. ഇയാളെ കിട്ടിയതു നിന്റെ ഭാഗ്യം, ആരെയും കിട്ടിയില്ലെങ്കിൽ നിന്നെ തട്ടാനാണു കൊണ്ടുവന്നതെന്നു കുറുപ്പ് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടി. എന്നെ ആശ്വസിപ്പിച്ച കുറുപ്പ്, ചാക്കോയുടെ വിരലിലെ സ്വർണമോതിരം എനിക്ക് ഊരിത്തന്നു. എന്നെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഞാൻ വിറ്റ മോതിരം ചാവക്കാട്ടെ പഴയ പാലത്തിനു സമീപത്തെ സ്വർണപ്പണിക്കാരനിൽനിന്ന് പോലീസ് കണ്ടെടുത്തു.
സുകുമാരക്കുറുപ്പ് 42 വർഷംമുന്പ് സമ്മാനിച്ച ചീത്തപ്പേരുമായി പോലീസ് സ്റ്റേഷൻ, ജയിൽ, കോടതി കയറിയിറങ്ങി ജീവിതം തുലഞ്ഞു. ഉപജീവനത്തിനു മത്സ്യബന്ധനവും ഇടയ്ക്ക് മത്സ്യക്കച്ചവടവുമായി കഴിയുകയാണ് ഷാഹു ഇപ്പോൾ.