ന്യൂഡൽഹി: ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിലെ ഇറാൻ എംബസിയിൽ രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി എന്നിവർ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
ഖമനയ്യുടെ മരണത്തെ 'രക്തസാക്ഷിത്വം' എന്ന് വിശേഷിപ്പിച്ച മെഹബൂബ, കാഷ്മീരിലെ ജനങ്ങൾ ഇറാന്റെ ധീരരായ ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ഇറാൻ ഒറ്റയ്ക്കാണ് തിന്മയ്ക്കെതിരെ പോരാടുന്നതെന്നും ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നിൽക്കുന്നവർ 'എപ്സ്റ്റീൻ ഫയലുകളിൽ പേരുള്ളവരാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു. ഇറാൻ ഈ 'എപ്സ്റ്റീൻ ഗാംഗിനെതിരെയാണ്' പോരാടുന്നതെന്നും അവർ ആരോപിച്ചു.
മുതിർന്ന ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വിയും ഇറാൻ എംബസിയിലെത്തി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയ്യ്ക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുടെയും നേതാക്കളുടെയും നീക്കങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.