ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജരിവാൾ താമസിച്ചിരുന്ന ഔദ്യോഗിക വസതി അടുത്തയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഡൽഹി മന്ത്രി പർവേഷ് വർമ.
ആഡംബര സൗകര്യങ്ങൾകൊണ്ട് നിറച്ചുവെന്ന ആരോപണത്തെത്തുടർന്ന് ബിജെപി ‘ശീഷ് മഹൽ’ (കണ്ണാടിക്കൊട്ടാരം) എന്നു പരിഹസിച്ചിരുന്ന വസതിയാണ് ടിക്കറ്റെടുത്ത് സന്ദർശിക്കാനുള്ള സൗകര്യത്തോടെ തുറക്കുന്നത്.
ടിക്കറ്റ് ബുക്കിംഗ്, സന്ദർശനത്തിനുള്ള മുൻകൂർ റിസർവേഷൻ എന്നിവയുൾപ്പടെയുള്ള ക്രമീകരണങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പർവേഷ് വർമ അറിയിച്ചു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപി പ്രധാന പ്രചാരണായുധമാക്കിയ വിഷയമായിരുന്നു ‘ശീഷ് മഹൽ’. വസതിയിൽ റിമോട്ട് നിയന്ത്രിത സ്മാർട്ട് ലൈറ്റുകൾ, കോടികൾ വിലമതിക്കുന്ന കർട്ടനുകൾ, അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം.
സിവിൽ ലൈൻസിലെ ആറാം നമ്പർ ഫ്ലാഗ്സ്റ്റാഫ് റോഡിലുള്ള ഈ വസതി 2024 വരെ കേജരിവാളിന്റെ ഔദ്യോഗിക വസതിയായിരുന്നു.